ദുബൈ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ യു.എ.ഇയുടെ സുൽത്താൻ അൽ നിയാദിയും സ്പേസ് എക്സ് ക്രൂ-6 സംഘത്തിലെ മറ്റംഗങ്ങളും ആദ്യദിനം ചെലവഴിച്ചത് ഓറിയന്റേഷനും ഉറക്കത്തിനും. നിലയത്തിൽ എത്തിയ ഉടനെ സ്വീകരണം കഴിഞ്ഞശേഷമാണ് പ്രവർത്തനങ്ങൾ സംബന്ധിച്ച് കമാൻഡറായ റഷ്യൻ ബഹിരാകാശയാത്രികൻ സെർജി പ്രൊകോപിയേവ് നിർദേശങ്ങൾ നൽകിയത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയേണ്ടത് എങ്ങനെ എന്നതുസംബന്ധിച്ച് നേരത്തേ തന്നെ പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിലും ഓർമപ്പെടുത്തുക എന്ന നിലക്കാണ് ഓറിയന്റേഷൻ നൽകിയത്. ബഹിരാകാശ നിലയത്തിൽ പാലിക്കേണ്ട മര്യാദകളും രീതികളും വിശദീകരിച്ചു. തുടർന്ന് വിശ്രമത്തിനും ഉറക്കത്തിനുമായി പിരിഞ്ഞു.
ക്രൂ ആൾട്ടർനേറ്റ് സ്ലീപ് അക്കമഡേഷൻ എന്നു വിളിക്കുന്ന താൽക്കാലിക ഉറക്കസ്ഥലമാണ് പുതുതായി എത്തിയവർക്ക് ഒരുക്കിയിരുന്നത്. നിലയത്തിൽ നിലവിലുള്ള 11 അംഗങ്ങൾക്കും താമസിക്കാൻ ഇവിടെ സ്ഥലമുണ്ട്. നിലയത്തിൽ ആറുമാസ കാലാവധി പൂർത്തിയാക്കി ഭൂമിയിലേക്ക് മടങ്ങാനിരിക്കുന്ന സ്പേസ് എക്സ് ക്രൂ-5 സംഘത്തിൽനിന്ന് ക്രൂ-6ന് ചുമതലകളുടെ കൈമാറ്റം തുടങ്ങി. ചുമതലകളുടെ കൈമാറ്റം പൂർത്തിയാക്കി അഞ്ചോ ആറോ ദിവസത്തിനുശേഷമാണ് ക്രൂ-5ലെ നാല് അംഗങ്ങൾ മടങ്ങുക. ഇതിനിടയിൽ മടക്കത്തിന് ആവശ്യമായ സജ്ജീകരണങ്ങളും ഇവർ നടത്തും. ഇവർക്കുപുറമെ കഴിഞ്ഞവർഷം സെപ്റ്റംബറിൽ എത്തിയ മൂന്ന് റഷ്യൻ പര്യവേക്ഷകരുമാണ് ബഹിരാകാശ നിലയത്തിലുള്ളത്. ഇവരോടൊപ്പമായിരിക്കും ക്രൂ-6 അംഗങ്ങൾ പരീക്ഷണ, നിരീക്ഷണങ്ങൾ നടത്തുന്നത്. സുൽത്താൻ അൽ നിയാദിയും സഹ പര്യവേക്ഷകരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വെള്ളിയാഴ്ച യു.എ.ഇ സമയം 12.40നാണ് പ്രവേശിച്ചത്. ‘നാസ’യുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവിങ്, പൈലറ്റ് വൂഡി ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫിദ്യാവേവ് എന്നിവരാണ് അൽ നിയാദിക്കൊപ്പമുള്ളത്.
ആറുമാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും. നാസയും യു.എ.ഇ സർവകലാശാലകളും നിശ്ചയിച്ച 20 ഗവേഷണങ്ങൾ അൽ നിയാദി നിർവഹിക്കും. ഇതിനുപുറമെ ബഹിരാകാശത്തെ നടത്തം കൂടി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നു.
എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അമേരിക്കയിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ നിലയത്തിൽനിന്നാണ് സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റിൽ അൽ നിയാദിയും സംഘവും പറന്നുയർന്നത്. ദീർഘകാല ബഹിരാകാശ ദൗത്യം ആരംഭിച്ച ആദ്യ അറബ് വംശജൻ എന്ന റെക്കോഡാണ് ഇതിലൂടെ 42കാരനായ അദ്ദേഹത്തിന് സ്വന്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.