ദുബൈ: കപ്പലിൽ ദുബൈയിലെത്തിയ യാത്രക്കാർക്ക് സ്വീകരണമൊരുക്കി ദുബൈ പൊലീസ്. ഐഡ കോസ്മ എന്ന കപ്പലിൽ ദുബൈ ഹാർബറിലെത്തിയ 5186 യാത്രക്കാർക്കാണ് സ്വീകരണമൊരുക്കിയത്. ടൂറിസ്റ്റ് പൊലീസ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ടൂറിസ്റ്റ് പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ ഖൽഫാൻ ഒബൈദ് അൽ ജല്ലഫ് പറഞ്ഞു. സമ്മാനങ്ങൾ നൽകിയാണ് പൊലീസ് സന്ദർശകരെ സ്വീകരിച്ചത്.
ദുബൈയിൽ ക്രൂയിസ് ടൂറിസം സീസൺ കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. സീസണ് തുടക്കമിട്ട് ആദ്യമെത്തിയത് ഐഡ കോസ്മയാണ്.ആദ്യത്തെ പരിസ്ഥിതിസൗഹൃദ കപ്പലാണിത്. ലിക്വിഡ് നാച്വറൽ ഗ്യാസ് ഉപയോഗിച്ചാണ് കപ്പലിന്റെ പ്രവർത്തനം. ജർമനിയിൽനിന്ന് പുറപ്പെട്ട കപ്പലിന്റെ കന്നിയാത്രയായിരുന്നു ഇത്. 20 പാസഞ്ചർ ഡക്കുകളും 2600 മുറികളും ഇതിലുണ്ട്. ഐഡയുടെ ഏറ്റവും വലിയ കപ്പലുകളിലൊന്നാണിത്. ഫൺ പാർക്ക്, കുട്ടികൾക്കുള്ള പൂൾ, സ്പോർട്സ് ഏരിയ, 17 റസ്റ്റാറന്റ്, 23 ലോഞ്ച് എന്നിവയുമുണ്ട്.
വിമാനത്തിലെത്തുന്ന വിനോദസഞ്ചാരികൾക്കു പുറമെയാണ് വിവിധ ദേശങ്ങളിലെ കപ്പൽ യാത്രികരും ഇവിടേക്ക് എത്തുന്നത്.അടുത്ത വർഷം ജൂൺവരെ നീളുന്ന സീസണിൽ മൂന്നുലക്ഷത്തോളം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.