ദുബൈ: കോവിഡിൽനിന്ന് മുക്തമായ റമദാനിലെ ആദ്യ വെള്ളിയിൽ പള്ളികളിലേക്കൊഴുകിയെത്തി വിശ്വാസികൾ. പള്ളികൾ പലതും നിറഞ്ഞുകവിഞ്ഞപ്പോൾ സാമൂഹിക അകലം പാലിച്ച് പള്ളി മുറ്റത്തും പാർക്കിലും വരെ മുസല്ല വിരിച്ചായിരുന്നു നമസ്കാരം നിർവഹിച്ചത്.
വെയിലത്തുനിന്നാണെങ്കിലും പുണ്യ റമദാനിലെ ആദ്യ ജുമുഅ നിർവഹിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു വിശ്വാസികളെല്ലാം. ബാങ്ക് വിളിക്കുന്നതിന് ഏറെ മുമ്പുതന്നെ പള്ളികൾ നിറഞ്ഞുകവിഞ്ഞിരുന്നു. യു.എ.ഇയിൽ വെള്ളിയാഴ്ച പ്രവൃത്തിദിനമാക്കിയ ശേഷമെത്തുന്ന റമദാനിലെ ആദ്യ വെള്ളിയാഴ്ചയായിരുന്നു ഇന്നലത്തേത്.
ഷാർജ ഒഴികെയുള്ള എമിറേറ്റുകളിൽ 1.15നാണ് ജുമുഅ തുടങ്ങിയത്. ഖുർആന്റെ മഹത്വവും പവിത്രതയും പങ്കുവെക്കുന്ന പ്രഭാഷണമായിരുന്നു ഇമാമുമാരുടേത്. ഖുർആനുമായി കൂടുതൽ അടുക്കാൻ റമദാൻ മാസം ഉപയോഗപ്പെടുത്തണമെന്ന് അവർ ഉദ്ബോധിപ്പിച്ചു. ഓരോ ദിവസവും അഞ്ചു വിധത്തിൽ ഖുർആനുമായി ബന്ധം പുലർത്തണം. പാരായണം ചെയ്യുക, മനഃപാഠമാക്കുക, മനസ്സിലാക്കുക, ചിന്തിക്കുക, ജീവിതത്തിൽ പകർത്തുക എന്നിവ ഓരോ ദിനങ്ങളിലും അനിവാര്യമാണെന്ന് ഇമാമുമാർ ഓർമിപ്പിച്ചു. കഴിഞ്ഞ രണ്ടുവർഷത്തെ അപേക്ഷിച്ച് പഴയ നിലയിലേക്ക് തിരിച്ചുവന്ന ആദ്യ റമദാനാണിത്. കഴിഞ്ഞവർഷം ജുമുഅ നമസ്കാരവും ഖുതുബയും ഉൾപ്പെടെ 30 മിനിറ്റായിരുന്നു ആകെ സമയം. രണ്ടു മീറ്റർ അകലം പാലിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നതിനാൽ വളരെ കുറച്ച് വിശ്വാസികൾക്ക് മാത്രമായിരുന്നു പള്ളിയുടെ ഉള്ളിൽ ഇടം ലഭിച്ചത്. ദുബൈയിൽ പാർക്കിങ് ഫീസ് നൽകേണ്ടിവന്ന ആദ്യ വെള്ളിയാഴ്ചയായിരുന്നു ഇന്നലെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.