ദുബൈ: ഒരു മാസം നീളുന്ന ഫിറ്റ്നസ് ചലഞ്ചിന്റെ സമാപനത്തിന്റെ ഭാഗമായുള്ള ‘ദുബൈ റൺ 2024’ ഈ മാസം 24ന് നടക്കും. രണ്ട് ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന ദുബൈ റണിൽ ഭാഗമാകാൻ ചെയ്യേണ്ടതെന്തെന്ന് അറിയാം.
ദുബൈ റണിൽ ഓടാൻ ആഗ്രഹിക്കുന്നവർ സൗകര്യപ്രദമായ റൂട്ട് തിരഞ്ഞെടുക്കണം. തുടക്കക്കാർക്കും കുടുംബങ്ങൾക്കും അഞ്ച് കിലോ മീറ്റർ ദൈർഘ്യമുള്ള പാത തിരഞ്ഞെടുക്കാം. പരിചയസമ്പന്നരായ അത്ലറ്റുകൾക്ക് 10 കിലോ മീറ്റർ ദൂരമുള്ള റൂട്ട് തിരഞ്ഞെടുക്കാൻ സാധിക്കും. വാഹന രഹിത ശൈഖ് സായിദ് റോഡിലൂടെ ദുബൈ നഗരത്തിന്റെ പ്രശസ്തമായ ചില നിർമിതികൾ കണ്ട് കടന്നുപോകാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
അഞ്ച് കിലോമീറ്റർ റൂട്ട് ദുബൈ മാളിനടുത്തുള്ള ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബോലെവാഡിൽ നിന്ന് ആരംഭിച്ച് മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപമുള്ള ശൈഖ് സായിദ് റോഡിൽ അവസാനിക്കുന്നു. 10 കിലോമീറ്റർ റൂട്ട് ശൈഖ് സായിദ് റോഡിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് സമീപത്തുനിന്ന് തുടങ്ങി എമിറേറ്റ്സ് ടവറിനടുത്തുള്ള ഡി.ഐ.എഫ്.സി ഗേറ്റ് ബിൽഡിങ്ങിലാണ് അവസാനിക്കുന്നത്.
ദുബൈ റണിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ നിർബന്ധമാണ്. താൽപര്യമുള്ളവർക്ക് dubairun.com വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാൻ സാധിക്കും. രജിസ്റ്റർ ചെയ്താൽ പുലർച്ച നാലു മണി മുതൽ എത്തിച്ചേരുന്ന സമയം നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നേരത്തേ എത്തുന്നവർക്ക് സുഗമമായി ഓട്ടം തുടങ്ങാനുള്ള മികച്ച ഇടം ലഭിക്കുമെന്ന് സംഘാടകർ പറയുന്നു.
വൈകിയാൽ ഓട്ടം പൂർത്തീകരിക്കാൻ സാധിക്കണമെന്നില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കുവേണ്ടി 21 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. 13 മുതൽ 21 വയസ്സ് വരെയുള്ളവർക്ക് മാതാപിതാക്കളുടെ അനുമതിയോടെ സ്വയം രജിസ്റ്റർ ചെയ്യാം. നിശ്ചയദാർഢ്യ വിഭാഗത്തിൽപ്പെടുന്നവർക്കും ദുബൈ റണിൽ പങ്കെടുക്കാം.
ഇവർക്ക് വേണ്ടിയുള്ള റൂട്ടുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് pod@linkviva.com എന്ന വിലാസത്തിൽ ബന്ധപ്പെടാം. രജിസ്റ്റർ ചെയ്തവർ നവംബർ 11നും നവംബർ 23നും ഇടയിൽ ദുബൈ മുനിസിപ്പാലിറ്റി സബീൽ പാർക്ക് ഫിറ്റ്നസ് വില്ലേജിൽനിന്ന് ടി-ഷർട്ടുകളും ബിബുകളും കൈപ്പറ്റണം. റൂട്ട് മാറ്റാൻ ആഗ്രഹിക്കുന്നവർ നിലവിലെ രജിസ്ട്രേഷൻ റദ്ദാക്കിയ ശേഷം പുതിയ റൂട്ടിനായി വീണ്ടും രജിസ്റ്റർ ചെയ്യണം. ബിബ് നേരത്തേ കൈപ്പറ്റിയവർ പുതിയ ബിബ് കൈപ്പറ്റണമെന്നും അധികൃതർ നിർദേശിച്ചു.
ഫിറ്റ്നസ് ചലഞ്ച്: ദുബൈ റൺ 24ന് തുടങ്ങും
പുലർച്ച നാലുമുതൽ ദുബൈ റൺ തുടങ്ങുന്ന സാഹചര്യത്തിൽ ദുബൈ മെട്രോ നേരത്തേ സർവിസ് തുടങ്ങും. സ്വന്തം വാഹനത്തിൽ വരുന്നവർക്ക് അഞ്ച് കിലോമീറ്റർ റൂട്ടിൽ പങ്കെടുക്കുന്നവരാണെങ്കിൽ ദുബൈ മാളിൽ വാഹനം പാർക്ക് ചെയ്ത് വേൾഡ് ട്രേഡ് സെന്റർ സ്റ്റേഷനിലേക്ക് മെട്രോ വഴി എത്താം.
10 കിലോമീറ്റർ റൂട്ടിലുള്ളവർക്ക് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ പാർക്കിങ് ലഭ്യമാണ്. ഇവർക്ക് മെട്രോ വഴി എമിറേറ്റ്സ് ടവേഴ്സ് സ്റ്റേഷനിലേക്ക് പ്രവേശിക്കാം. രജിസ്റ്റർ ചെയ്തവർക്ക് വിശദമായ പാർക്കിങ് മാപ്പുകൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.