ദുബൈ: ഈ വർഷം ആദ്യ പകുതി പിന്നിടുമ്പോൾ ദുബൈയിലെ ജലവിതരണ കണക്ഷനുകളുടെ എണ്ണത്തിൽ അഞ്ചു ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) അറിയിച്ചു. ആറു മാസത്തിനിടെ ജലവിതരണ കണക്ഷനുകളുടെ എണ്ണം 10,23,079ൽ എത്തിയതായി ദീവ സി.ഇ.ഒയും എം.ഡിയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. 2022ലെ ആദ്യ പകുതിയിൽ ഇത് 9,74,514 ആയിരുന്നു.
ദുബൈ ഇന്റഗ്രേറ്റഡ് വാട്ടർ റിസോഴ്സ് മാനേജ്മെന്റ് സ്ട്രാറ്റജി 2030ന് അനുസൃതമായി ദുബൈയിലെ ജലസ്രോതസ്സുകളുടെ സുസ്ഥിരത ഉറപ്പുവരുത്താൻ സമഗ്രമായ പദ്ധതികളാണ് ദീവ നടത്തുന്നത്. ജലസ്രോതസ്സുകൾ പരിപോഷിപ്പിക്കുന്നതിലും മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് ദുബൈ ഇന്റഗ്രേറ്റഡ് വാട്ടർ റിസോഴ്സ് മാനേജ്മെന്റ് സ്ട്രാറ്റജി 2030.
ഇത്തരം നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ജലവിതരണ കണക്ഷനുകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ജലനഷ്ടം കുറക്കാനും ദീവക്ക് സാധിച്ചു. 1989ൽ ദുബൈയിലെ ജലവിതരണ നഷ്ടം 42.5 ശതമാനമായിരുന്നു. എന്നാൽ, 2022ൽ ഇത് 2.2 ശതമാനമായി കുറക്കാൻ സാധിച്ചതായും അൽ തായർ പറഞ്ഞു.
ദീവയുടെ പ്രതിദിനം ഉപ്പുവെള്ളം ശുദ്ധീകരിക്കാനുള്ള ശേഷി 490 ദശലക്ഷം ഇംപീരിയൽ ഗാലൻ ആണ്. 2030ഓടെ ഉപ്പുവെള്ളത്തിന്റെ ശുദ്ധീകരണം 100 ശതമാനവും പുനരുപയോഗിക്കാവുന്ന ഊർജവും മാലിന്യത്തിൽനിന്നുള്ള ഊഷ്മാവും ഉപയോഗിച്ചുള്ള ശുദ്ധ ഊർജ മിശ്രിതത്തിൽ നിന്നാക്കി മാറ്റും.
പ്രകൃതിവാതകം ഉപയോഗിച്ച് പ്രതിദിനം 490 എം.ഐ.ജി.ഡി ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള ലോകത്തെ ഏക പ്ലാന്റ് എന്ന ഗിന്നസ് വേൾഡ് റെക്കോഡ് ജബൽ അലിയിലെ പവർ ആൻഡ് ഡിസാലിനേഷൻ പ്ലാന്റ് നേടിയതായും അൽ തായർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.