വസന്തകാലത്തെ ആഘോഷമാക്കി റാസല്‍ഖൈമയില്‍ ഫ്ലമിംഗോ പക്ഷിക്കൂട്ടങ്ങളുടെ ആരവം. നഗര മധ്യത്തിലെ സമൃദ്ധമായ കണ്ടല്ക്കാടുകളോടനുബന്ധിച്ച തണ്ണീര്തടങ്ങളിലാണ് അരയന്നങ്ങള്‍ വിരുന്നെത്തിയിരിക്കുന്നത്. അകലങ്ങളില്‍ നിന്നുള്ള കാഴ്ച്ചകള്‍ക്കൊപ്പം സമീപത്ത് പ്രവര്‍ത്തിക്കുന്ന കയാക്കിങ് സേവന കേന്ദ്രത്തിന്റെ സഹകരണത്തോടെ ഫ്ലമിംഗോ പക്ഷികളുടെ സമീപമെത്തിയും സന്ദര്‍ശകര്‍ക്ക് ആസ്വാദനം സാധ്യമാക്കുന്നുണ്ട്. നിശ്ചിത ജലപാതയിലൂടെയാണ് ഇവിടെ കയാക്കിങ് അനുവദിക്കുന്നത്. അപൂര്‍വ പക്ഷികളുടെയും ജലജീവികളുടെയും ആവാസ കേന്ദ്രമായ കണ്ടല്‍ക്കാടുകളുടെ ഹരിത ശോഭക്കൊപ്പം ജലപരപ്പിന് മുകളിലുള്ള അരയന്നങ്ങളുടെ ‘മല്‍സ്യ വേട്ട’യും ചിറകടി നാദവും സന്ദര്‍ശകരുടെ മനം നിറക്കുന്നതാണ്.
ഏറെ നിര്‍മാണ പ്രവൃത്തികള്ക്കിടെയും പ്രകൃതിയുടെ വരദാനമായ കണ്ടല്‍ക്കാടുകള്‍ക്ക് പ്രത്യേക പരിചരണമാണ് അധികൃതര്‍ നല്‍കുന്നത്. റാസല്‍ഖൈമക്ക് പുറമെ അബൂദബി, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളിലായി ആയിരത്തിലേറെ ഹെക്ടറര്‍ കണ്ടല്‍ക്കാടുകള്‍ യു.എ.ഇയിലുണ്ട്. ഉമ്മുല്‍ഖുവൈനില്‍ ബിറ സക്ടനേറിയം (Bira sactunarium) ഉള്‍പ്പെടുന്ന കണ്ടല്‍ തീര പ്രദേശവും ഫുജൈറയിലെ കണ്ടല്‍ പ്രദേശവും സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമാണ്. അബൂദബി കണ്ടല്‍ക്കാടുകളുടെ തനത് വളര്‍ച്ചക്ക് ഈസ്റ്റേണ്‍ മാന്‍ഗ്രോവ് ലഗൂണ്‍ നാഷനല്‍ പാര്‍ക്ക് (Eastern mangrove lagon national park) പ്രവര്‍ത്തിക്കുന്നുണ്ട്.
ചതുപ്പ് നിലങ്ങള്‍, അഴിമുഖങ്ങള്‍, കായലോരങ്ങള്‍ തുടങ്ങിയിടങ്ങളില്‍ വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന സങ്കീര്‍ണമായ ആവാസവ്യവസ്ഥയാണ് കണ്ടല്‍കാട്. കണ്ടലിതര സസ്യങ്ങളും ഈ പ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്നു. 80 രാജ്യങ്ങളിലായി ഏകദേശം ഒരു കോടി നാല് ഹെക്ടര്‍ പ്രദേശത്ത് കണ്ടല്ക്കാടുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ 6740 ചതുരശ്ര വിസ്തൃതിയില്‍ കണ്ടല്‍ക്കാടുകളുണ്ട്. കടുത്ത ചൂടിനെയും പ്രതിരോധിക്കുന്ന കണ്ടല്‍ ഇലകളാണ് ദേശാടന പക്ഷികള്‍ക്കും ഈ മേഖല പ്രിയങ്കരമാക്കുന്നത്. ജല ജീവികള്‍ക്ക് സുരക്ഷിത പ്രജനനത്തിനും കണ്ടല്‍ക്കാടുകള്‍ സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.