അൽഐൻ: സാങ്കേതിക തകരാറുകൾ മൂലം വിമാനങ്ങൾ അനിയന്ത്രിതമായി വൈകുന്നത് സാധാരണമായിരിക്കെ അതുമൂലം വിമാനയാത്രികർ അനുഭവിക്കുന്ന ദുരിതങ്ങൾക്കും സാമ്പത്തിക നഷ്ടങ്ങൾക്കും ഇന്ത്യൻ വിമാനകമ്പനികൾ നഷ്ടപരിഹാരം നൽകണമെന്ന് യാത്രക്കാർ. ഇതു സംബന്ധിച്ച് യാത്രക്കാർ എയർ ഇന്ത്യക്ക് കത്തെഴുതി. അന്വേഷിച്ച് മറുപടി അറിയിക്കാമെന്നാണ് എയർ ഇന്ത്യ മറുപടി നൽകിയിരിക്കുന്നത്.
അടിയന്തര ആവശ്യങ്ങൾക്ക് നാട്ടിൽ പോകുന്നവർക്ക് സമയ നഷ്ടത്തോടൊപ്പം വലിയ സാമ്പത്തിക ബാധ്യതയുമാണ് ഇത്തരം അനുഭവങ്ങൾ വരുത്തിവെക്കുന്നത്. എയർ ഇന്ത്യ അടക്കമുള്ള ഇന്ത്യൻ വിമാന കമ്പനികൾ മണിക്കൂറുകളോളം വൈകിയാലും യാത്രക്ക് പകരം സംവിധാനം ചെയ്യുന്നില്ല എന്നതാണ് യാത്രക്കാർ അനുഭവിക്കുന്ന വലിയ പ്രയാസം.
എന്നാൽ, യു.എ.ഇയിൽ നിന്നും മറ്റുമുള്ള വിമാന കമ്പനികൾ സാങ്കേതിക തകരാർ മൂലം വിമാനം മുടങ്ങിയാൽ പകരം വിമാനം എത്തിച്ച് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച അനുഭവങ്ങൾ മലയാളികൾക്ക് തന്നെ പറയാനുണ്ട്. അനിയന്ത്രിതമായി യാത്ര വൈകിയാൽ പകരം സൗജന്യ യാത്ര ടിക്കറ്റ് നൽകുന്ന പതിവും വിദേശ വിമാന കമ്പനികൾക്കുണ്ട്. എയർ ഇന്ത്യ ഉദ്യോഗസ്ഥരോട് പകരം വിമാനം ഏർപ്പാട് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ പകരം വിമാനങ്ങൾ ഇല്ല എന്നാണ് ലഭിച്ച മറുപടി.
അടിയന്തര ഘട്ടങ്ങളിൽ രണ്ടും മൂന്നും ദിവസങ്ങൾക്കായി നാട്ടിൽ പോകുന്നവരിൽ ഒന്നും രണ്ടും ദിവസം എയർപോർട്ടിൽ കുടുങ്ങിയവരുണ്ട്. ചികിത്സ, ബന്ധുക്കളുടെ മരണം, സ്വന്തം വിവാഹത്തിനോ അടുത്ത ബന്ധുക്കളുടെ വിവാഹത്തിനോ പോകുന്നവർ, മത്സര പരീക്ഷകൾക്ക് പോകുന്നവർ എന്നിങ്ങനെ നിരവധി പേരാണ് ദുരിതത്തിലാകുന്നത്. ഇതിൽ മിക്കവരും തിരികെ വരാനുള്ള ടിക്കറ്റ് എടുത്താണ് യാത്ര തിരിക്കുക. വിമാനം വൈകിയാൽ ഈ ടിക്കറ്റിന്റെ തുകയും നഷ്ടപ്പെടുന്ന അവസ്ഥയാണ്.
നാട്ടിൽ എത്തി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അതേ വിമാനത്തിൽ തിരിച്ചുവരാൻ ടിക്കറ്റ് എടുത്തവർ തങ്ങൾക്ക് നഷ്ടപ്പെട്ട ദിനങ്ങൾക്ക് പകരമായി രണ്ടോ മൂന്നോ ദിവസത്തിനു ശേഷം സൗജന്യമായി ടിക്കറ്റ് മാറ്റിത്തരണമെന്ന് എയർഇന്ത്യ അധികൃതരോട് ആവശ്യപ്പെട്ടിട്ടുപോലും തയാറായില്ല.
കഴിഞ്ഞയാഴ്ച എയർഇന്ത്യ ഷാർജ കോഴിക്കോട് വിമാനം സാങ്കേതിക തകരാറുമൂലം തിരിച്ചിറക്കിയതിനെ തുടർന്ന് 36 മണിക്കൂറോളമാണ് യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങിയത്. തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരൻ മണിക്കൂറുകൾ കഴിഞ്ഞാണ് ലോഞ്ചിലേക്ക് മാറ്റുന്നത്. ലോഞ്ചിൽ നിന്നും സ്ത്രീകളെയും കുട്ടികളെയും അടക്കം എയർപോർട്ടിലെ ഹോട്ടലിലേക്ക് മാറ്റുന്നത് ഷാർജ എയർപോർട്ട് അധികൃതർ ഇടപെട്ടതിനുശേഷം മാത്രമാണ്. തങ്ങൾക്ക് നഷ്ടപ്പെട്ട സമയത്തിനും പണത്തിനും പകരം മാന്യമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് എയർ ഇന്ത്യയോട് ഇ-മെയിൽ മുഖേനയും ഫോൺ മുഖേനയും ആവശ്യപ്പെട്ടപ്പോൾ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് അന്വേഷിച്ചു മറുപടി നൽകാമെന്ന് മാത്രമാണ് അറിയിച്ചത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയും വല്ല കാരണവശാലും യാത്ര മുടങ്ങിയാൽ പകരം സംവിധാനം ഏർപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികളെ ഒഴിവാക്കാനുള്ള ആലോചനയിലാണ് പലപ്പോഴായി ദുരിതമനുഭവിച്ച യാത്രക്കാരിൽ പലരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.