അബൂദബി: ഡിസംബർ ഏഴ് മുതൽ ദുബൈ, അബൂദബി തുടങ്ങി പ്രധാന വ്യോമസഞ്ചാര ഹബുകളിൽ ഗതാഗതം കൂടുതൽ സുഗമമാകും.
ദീപസ്തംഭങ്ങൾ ഉപയോഗിച്ച് വിമാനങ്ങൾക്ക് പാത നിശ്ചയിക്കുന്ന പരമ്പരാഗത വിമാന നിയന്ത്രണ സംവിധാനം ഒഴിവാക്കി അത്യാധുനിക സംവിധാനം നിയന്ത്രണം ഏറ്റെടുക്കുന്നതോടെയാണ് കാര്യങ്ങൾ എളുപ്പമാകുക.
ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റുകളെ വിമാനത്തിലെ കമ്പ്യൂട്ടർവത്കൃത ബോർഡുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് പുതിയ സംവിധാനം. യു.എ.ഇ വ്യോമപാത പുനഃക്രമീകരണ പദ്ധതി എന്നാണ് ഇതിന് പേര് നൽകിയിട്ടുള്ളത്. ഇൗ സാേങ്കതികവിദ്യ ഉപയോഗിക്കുന്ന ലോകത്തെ പ്രഥമ വ്യോമപാത ഘടന ഇതാണെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) വ്യക്തമാക്കുന്നു. 120,000 മണിക്കൂറിലെ മനുഷ്യാധ്വാനം അഥവാ 15 വർഷം ആണ് ഇത്തരമൊരു പദ്ധതി വികസിപ്പിക്കുന്നതിന് ജി.സി.എ.എ കണക്കാക്കുന്നത്.
250 എയർ ട്രാഫിക് കൺട്രോളർമാർക്ക് സിമുലേറ്റർ ഉപയോഗത്തിൽ പുനർ പരശീലനം നൽകണം. ശൈഖ് സായിദ് നാവിഗേഷൻ സെൻറർ, ദുബൈ നാവിഗേഷൻ സർവീസ്, അബൂദബി എയർപോർട്ട്സ് കമ്പനി, അബൂദബി ഗതാഗത വകുപ്പ് തുടങ്ങിയവയുമായും വിമാനക്കമ്പനികളുമായുമുള്ള സഹകരണവും പദ്ധതിയിൽ ഉറപ്പ് വരുത്തണം.
യാത്രക്കാർക്കും പരിസ്ഥിതിക്കും ഏറെ ഗുണകരമാകുന്ന പദ്ധതിയാണ് ഇത്. ഇതുവഴി ആദ്യ വർഷം ഒന്നര കോടി യു.എസ് ഡോളർ ലാഭിക്കാനാകുമെന്നും അന്തരീക്ഷത്തിലേക്ക് ബഹിർഗമിക്കുന്ന കാർബൺ ഡൈ ഒാക്സൈഡിൽ 100,000 മെട്രിക് ടൺ കുറവ് വരുത്താനാകുമെന്നും ജി.സി.എ.എ കരുതുന്നു.
ഇൗ പദ്ധതിയോടെ ഉണ്ടാകുന്ന മാറ്റങ്ങൾ യു.എ.ഇയുടെ വ്യോമഗതാഗത മേഖലയിൽ ചരിത്രമാകുമെന്ന് ജി.സി.എ.എ ഡയറക്ടർ ജനറൽ സെയ്ഫ് ആൽ സുവൈദി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.