ദുബൈ: കനത്ത മഴയിൽ വെള്ളം കെട്ടിനിൽക്കുന്ന തെരുവുകളും റോഡുകളും നിരീക്ഷിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാനുമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) സംയുക്ത പ്രളയ നിയന്ത്രണ കേന്ദ്രം ആരംഭിച്ചു. നൂറുകണക്കിന് നിരീക്ഷണ കാമറകൾ, ഹീറ്റ് മാപ്പുകൾ, കാലാവസ്ഥ പ്രവചന സംവിധാനങ്ങൾ തുടങ്ങി അത്യാധുനിക സാങ്കേതിക വിദ്യകളെ സമന്വയിപ്പിച്ചാണ് പുതിയ കേന്ദ്രത്തിന്റെ പ്രവർത്തനം. പ്രളയത്തെ തുടർന്നുള്ള ഗതാഗത തടസ്സങ്ങൾ നേരിടുന്നതിനായുള്ള അടിയന്തര പദ്ധതികൾ, രക്ഷാ പ്രവർത്തകരെ നിയോഗിക്കൽ, ആവശ്യമായ വിഭവങ്ങൾ അനുവദിക്കൽ തുടങ്ങിയവ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയുമാണ് പുതിയ കേന്ദ്രത്തിന്റെ ചുമതല. വെള്ളക്കെട്ട് മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിലുള്ള പ്രതികരണ സമയം 36 ശതമാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
മെച്ചപ്പെട്ട കാലാവസ്ഥ പ്രവചന വിവരങ്ങൾ ശേഖരിച്ച് ലഭ്യമാക്കുന്നതിന് ആർ.ടി.എ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവുമായി (എൻ.സി.എം) സഹകരിച്ച് പ്രവർത്തിക്കും. ഇതുവഴി രക്ഷാപ്രവർത്തകരെ ഒരുക്കുന്നതിനും പൊതു ജനങ്ങൾക്ക് അതിവേഗത്തിൽ മുന്നറിയിപ്പു നൽകുന്നതിനും സാധിക്കും. കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനായുള്ള സമഗ്ര പ്രതികരണ പദ്ധതികൾ ഒരുക്കുന്നതിന് വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികൾ അടങ്ങിയ പ്രത്യേക ടീമിനെയും രൂപവത്കരിച്ചിട്ടുണ്ട്. വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങൾ തിരിച്ചറിയുന്നതിന് സഹായിക്കുന്ന സംവിധാനമാണ് ഹീറ്റ് മാപ്പുകൾ. കൂടാതെ റോഡുകളിലെ വലിയ സ്ക്രീനുകൾ വഴി വെള്ളക്കെട്ടിൽ ഗതാഗത തടസ്സം നേരിടുന്ന റോഡുകളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പു നൽകും. 450 കാമറകളിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ ശേഖരിച്ച് ലൈവായി സംപ്രേഷണം ചെയ്യാൻ ഈ സ്ക്രീനുകൾ സഹായകമാണ്. വെള്ളം കെട്ടിനിൽക്കുന്ന 91 ശതമാനം പ്രദേശങ്ങളും റോഡുകളും തിരിച്ചറിയാൻ ഈ കാമറകൾക്ക് കഴിയും. ദുരന്ത നിവാരണ സ്ഥലങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളെ നിരീക്ഷിച്ച് യഥാസമയം വിവരങ്ങൾ ആർ.ടി.എക്ക് കൈമാറാനുള്ള സംവിധാനമായ സിറ്റഡൽ കമ്യൂണിക്കേഷൻ പ്ലാറ്റ്ഫോമും പുതിയ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിലുണ്ടായ ശക്തമായ മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈയിലെ ചില പ്രധാന റോഡുകളിൽ ആറു മണിക്കൂർ വരെ ഗതാഗത തടസ്സം സൃഷ്ടിച്ചിരിക്കുന്നു. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളാണ് കൂടുതൽ പ്രതിസന്ധി നേരിട്ടത്. റോഡിലെ വെള്ളക്കെട്ടിൽ അകപ്പെട്ട് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ദുബൈയിൽ കനത്ത മഴ ട്രാഫിക് വെല്ലുവിളികൾ സൃഷ്ടിക്കുന്നത് പതിവാണ്. പ്രത്യേകിച്ച് എമിറേറ്റുകൾക്കിടയിൽ വാഹനമോടിക്കുന്നവർക്ക്. ഈ വെല്ലുവിളി നേരിടുന്നതിനായാണ് പുതിയ സംവിധാനം ആർ.ടി.എ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.