ദുബൈ: മഴ നാശംവിതച്ച മേഖലകളിലെ താമസക്കാർ ഇൻഷുറൻസ് ക്ലെയിമുകൾ സമർപ്പിച്ചു തുടങ്ങി. ആയിരക്കണക്കിന് വാഹനങ്ങൾ ഒലിച്ചുപോവുകയും നശിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മിക്ക ഇൻഷുറൻസ് ക്ലെയിമുകളും ഇതുമായി ബന്ധപ്പെട്ടാണെന്ന് അധികൃതർ പറയുന്നു. ഗുരുതര കേടുപാടുകൾ സംഭവിച്ചതിനാണ് മിക്ക വാഹന ഉടമകളും ഇൻഷുറൻസ് ക്ലെയിമുകൾ നൽകുന്നത്. ഫുജൈറ, ഷാർജ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, അജ്മാൻ എന്നിവിടങ്ങളിൽനിന്നെല്ലാം അപേക്ഷകൾ ലഭിക്കുന്നുണ്ടെന്ന് കമ്പനി അധികൃതർ പറയുന്നു.
അതിനിടെ, വെള്ളപ്പൊക്കത്തിലെ നഷ്ടം രേഖപ്പെടുത്തുന്നതിന് സർക്കാർ തലത്തിൽ ശ്രമം ആരംഭിച്ചിട്ടുണ്ട്. വീടുകൾക്കും വാഹനങ്ങൾക്കും സ്വത്തുക്കൾക്കുമുണ്ടായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഫുജൈറ സർക്കാർ പൊലീസിന്റെ വെബ്സൈറ്റിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ച് അധികൃതർ പ്രഖ്യാപനം നടത്തിയിട്ടില്ല. അതേസമയം പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ സഹായിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് യു.എ.ഇ ഫെഡറൽ സർക്കാർ അറിയിച്ചിട്ടുണ്ട്. നഷ്ടം പൂർണമായും രേഖപ്പെടുത്തുന്നതിന് മുന്നോടിയായി ഫുജൈറ അടിയന്തര കമ്മിറ്റി ശനിയാഴ്ച വൈകീട്ട് ആദ്യ യോഗം ചേർന്നിരുന്നു. ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് സൈഫ് അൽ അഫ്ഖാമിന്റെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവർത്തിക്കുക. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റാസൽഖൈമയിൽ നഷ്ടം വിലയിരുത്തുന്നതിന് പ്രത്യേകസംഘം ദുരന്തബാധിത മേഖലയിൽ സന്ദർശനം നടത്തി. പ്രാന്തപ്രദേശങ്ങള്‍, പര്‍വത- താഴ്വാരങ്ങള്‍, ഹൈവേ എന്നിവിടങ്ങളിലെ റോഡുകള്‍ സംഘം കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്. റോഡ് സുരക്ഷ, ജീവനും സ്വത്തുക്കള്‍ക്കുമുള്ള സംരക്ഷണം, അപകട സാധ്യതകള്‍ കുറക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍, നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് വേഗത്തില്‍ സമാശ്വാസം എത്തിക്കല്‍ തുടങ്ങിയവയെക്കുറിച്ച് കമ്മിറ്റി വിശദ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.