അബൂദബി: പ്രളയത്തെ തുടർന്ന് ദുരിതത്തിലായ പാകിസ്താന് പിന്തുണയറിയിച്ച് യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭുട്ടോ സർദാരിയുമായി സംസാരിച്ചു. പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാക് ജനതക്ക് ഐക്യദാർഢ്യം അറിയിച്ച അദ്ദേഹം മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനവും രേഖപ്പെടുത്തി.
പ്രളയക്കെടുതി അനുഭവിക്കുന്ന പാകിസ്താന് അഞ്ചു കോടി ദിർഹം സഹായം കഴിഞ്ഞദിവസം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചിരുന്നു. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ ഭാഗമായ വേൾഡ് ഫുഡ് പ്രോഗ്രാം, മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ദുരിത ബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കുക.
പ്രളയം റിപ്പോർട്ട് ചെയ്ത ആദ്യ ദിവസങ്ങളിൽ തന്നെ ഭക്ഷ്യവസ്തുക്കളടക്കം 3000ടൺ അവശ്യവസ്തുക്കൾ പാകിസ്താനിലേക്ക് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദേശത്തെ തുടർന്ന് അയച്ചിരുന്നു. സഹായമെത്തിക്കാൻ സൗജന്യ കാർഗോ സേവനം ഏർപ്പെടുത്തുമെന്ന് വെള്ളിയാഴ്ച എമിറേറ്റ്സ് വിമാനക്കമ്പനി അറിയിച്ചിരുന്നു. പാകിസ്താനിലേക്ക് പോകുന്ന എല്ലാ വിമാനങ്ങളിലെയും കാർഗോ സേവനങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താമെന്ന് കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.