ഉയരങ്ങളിലാണ് ദുബൈയുടെ സൗന്ദര്യം. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ നഗരത്തിൽ ഇനി ബലൂണിൽ ഉയരെ പറന്ന് കാഴ്ചകൾ കാണാം. പാം ജുമൈറയിലാണ് ഹീലിയം നിറച്ച കൂറ്റൻ ബലൂൺ ഒരുങ്ങുന്നത്. ഈ തണുത്ത ഫെബ്രുവരിയിൽ അറ്റ്ലാന്റിസിലെ അക്വാവെഞ്ചർ കടൽത്തീരത്ത് തുറക്കുന്ന ബലൂണിൽ കയറി ദുബൈ നഗരത്തെ 300 മീറ്റർ ഉയരത്തിൽ നിന്ന് കാണാൻ സാധിക്കും. ഏകദേശം നൂറുനില കെട്ടിടത്തിന്റെ ഉയരത്തിലായിരിക്കും പാറിപ്പറക്കുക.
ഐൻ ദുബൈ പോലെ ഉയരത്തിൽ ആടിയുലഞ്ഞ് ദുബൈ നഗരത്തിന്റെ സൗന്ദര്യമ ആസ്വദിക്കാനുള്ള അവസരമാണ് ഇതൊരുക്കുന്നത്. മുതിർന്നവർക്ക് 175 ദിർഹമും കുട്ടികൾക്ക് 75 ദിർഹമും നൽകിയാൽ ഈ പറക്കൽ ആസ്വദിക്കാം. ‘ഫാസ്റ്റ് പാസ്’ ടിക്കറ്റുകൾ മുതിർന്നവർക്ക് 275 ദിർഹമിനും കുട്ടിക്ക് 125 ദിർഹമിനും ലഭിക്കും. ‘ഫാസ്റ്റ് പാസ്’ ടിക്കറ്റുകളെടുത്താൽ വരി നിൽക്കൽ ഒഴിവാക്കാം. മാത്രമല്ല, ദുബൈ ബലൂൺ ലോഞ്ചിൽ ചായയും ശീതളപാനീയങ്ങളും ലഭിക്കുകയും ചെയ്യും. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം. വീൽചെയറും സ്ട്രോളറും പ്രവേശിപ്പിക്കാനും സൗകര്യമുണ്ട്.
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ രാത്രി 11വരെയും വെള്ളി മുതൽ ഞായർ വരെ അർധരാത്രി വരെയും ബലൂൺ പ്രവർത്തിക്കും. ദുബൈയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ജുമൈറ. ഈ പ്രദേശം ഉയരത്തിൽ കാണുന്നത് നയനമനോഹരമായ കാഴ്ചയാണ്. ഇതിന് പുറമെ ദി പോയിന്റയിലെ ലോകത്തിലെ ഏറ്റവും വലിയ ജലധാര പ്രദർശനമായ അക്വാവെഞ്ചർ, ബുർജ് അൽ അറബ്, ഐൻദുബൈ, ബുർജ് ഖലീഫ, ഡൗൺടൗൺ സ്കൈലൈൻ അടക്കമുള്ളവ ബലൂണിൽ പറന്ന് കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.