അബൂദബി: തിരച്ചില്‍, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമെങ്കിൽ പറന്നുയരാനും സാധിക്കുന്ന ‘ഹോവര്‍ ബൈക്ക്’ ഏര്‍പ്പെടുത്തി അബൂദബി. യാസ്ബേയിലാണ് ഹോവര്‍ ബൈക്ക് അധികൃതര്‍ പ്രദര്‍ശിപ്പിച്ചത്. അതീവ ബലവത്തായ കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ചിട്ടുള്ള ഹോവര്‍ ബൈക്ക് ദുര്‍ഘട മേഖലകളിലും മറ്റും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും തിരച്ചില്‍ നടത്തുന്നതിനുമാണ് ഉപയോഗിക്കുക. ഫുള്‍ ടാങ്ക് ഇന്ധനത്തില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ തുടര്‍ച്ചയായി 40 മിനിറ്റ് പറക്കാന്‍ കഴിയും. 300 കിലോഗ്രാമാണ് ഭാരം. 100 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. നാലു വശങ്ങളിലെയും പങ്കകളാണ് ഹോവര്‍ ബൈക്കിനെ പറക്കാന്‍ സഹായിക്കുന്നത്. കവാസാക്കിയുടെ ഫോര്‍ സ്ട്രോക്ക് പെട്രോള്‍ എന്‍ജിനാണ് ഇതിനുള്ളത്. മരുഭൂമിയിലും ചെങ്കുത്തായ പ്രദേശങ്ങളിലും കടലിലും രക്ഷാപ്രവർത്തനത്തിന് ഇത് ഉപകാരപ്പെടും. എണ്ണ, വാതക വ്യവസായ മേഖലകളിലും നിർമാണ രംഗങ്ങളിലുമുണ്ടാകുന്ന അപകടത്തിലും ഏറെ ഉപകാരപ്രദമാണിത്.
രക്ഷാപ്രവർത്തന രംഗത്ത് പ്രവർത്തിപ്പിക്കാനായി വിവിധ നൂതന സംവിധാനങ്ങൾ അബൂദബി നടപ്പിലാക്കി വരുന്നുണ്ട്. എമിറേറ്റിലെ കെട്ടിടങ്ങളിലെ തീപ്പിടിത്തം അണക്കാന്‍ അത്യാധുനിക ഡ്രോണുകള്‍ അബൂദബി സിവില്‍ ഡിഫന്‍സ് അവതരിപ്പിച്ചിരുന്നു. 800 മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളിലെ അഗ്നിബാധ അണക്കാന്‍ രണ്ടുതരം അത്യാധുനിക ആളില്ലാ ഡ്രോണുകളാണ് വികസിപ്പിച്ചത്.
ഒന്ന് തെര്‍മല്‍ ഇമേജിങ്ങ് നടത്തുകയും മറ്റൊന്ന് അപകടസ്ഥലത്തെ തടസ്സങ്ങള്‍ നീക്കുന്നതിനും ഉള്ളതാണ്. തെര്‍മല്‍ ഇമേജിങ്ങും സെന്‍സറുകളും ഹൈ ഡെഫിനിഷന്‍ കാമറകളും ഉപയോഗിച്ചാണ് 800 മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളിലെ അഗ്നിബാധ ഡ്രോണുകള്‍ നിരീക്ഷിക്കുന്നത്. 50 മിനിറ്റ് വരെ പറന്നുനില്‍ക്കാന്‍ ശേഷിയുള്ള ഡ്രോണിന് തീ കെടുത്തുന്നതിനുള്ള 15 ഗാലന് ഫോമോ അല്ലെങ്കില്‍ പൊടിയോ വഹിക്കാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.