ടാക്സിയിൽ പറക്കാം; അബൂദബിയിൽനിന്ന് ദുബൈയിലേക്ക്

അബൂദബി: അതിവേഗം വളരുന്ന യു.എ.ഇയിലെ ഗതാഗത രംഗത്ത്​ വിപ്ലവകരമായ മാറ്റത്തിന്​ തുടക്കം കുറിച്ച്​ പറക്കും ടാക്സികൾ വൈകാതെ രംഗത്തെത്തിയേക്കും. അബൂദബിക്കും ദുബൈക്കുമിടയിൽ 30മിനുറ്റില യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിൽ സംവിധാനം രൂപപ്പെടാനാണ്​ ഒരുങ്ങുന്നത്​. ഇതിനായി യു.എസ് ആസ്ഥാനമായുള്ള ജോബി ഏവിയേഷൻ കമ്പനിയുടെ പറക്കും ടാക്സികൾ 2025-2026 ഓടെ പ്രവർത്തനമാരംഭിക്കുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. അബൂദബിയിൽ നടന്ന സ്വയംനിയ​ന്ത്രിത ഗതാഗത മേളയായ ‘ഡ്രിഫ്​റ്റ്​എക്സ്​’ പരിപാടിക്കിടെയാണ്​ ഇക്കാര്യം കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തിയത്​. നേരത്തെ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ)യുമായി ജോബി ഏവിയേഷൻ എയർ ടാക്സി പുറത്തിറക്കാൻ കരാർ ഒപ്പിട്ടിരുന്നു. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് പറക്കുംകാര്‍ നിര്‍മാതാക്കളായ ആര്‍ചര്‍ ഏവിയേഷന്‍ അബൂദബിയില്‍ എയര്‍ ടാക്‌സികള്‍ നിര്‍മിക്കുന്നതിനും ആസ്ഥാനമന്ദിരം സ്ഥാപിക്കാനും ദശലക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപിക്കുന്നതും വെളിപ്പെടുത്തിയിട്ടുണ്ട്​.

പറക്കും ടാക്സികൾക്കും മറ്റും ഉപയോഗിക്കാനുള്ള ആദ്യ വെർട്ടിപോർട്ടിന് രാജ്യത്ത്​ പ്രവർത്തനാനുമതി നൽകിയത്​ യു.എ.ഇ വ്യോമയാന അതോറിറ്റി വെളിപ്പെടുത്തിയിരുന്നു. പറക്കും ടാക്സികളുടെ ടേക്ക്ഓഫിനും ലാൻഡിങ്ങിനും ഉപയോഗിക്കുന്ന വെർട്ടിപോർട്​ നിർമിക്കപ്പെടുന്നത്​ ഈ മേഖലയിലെ പദ്ധതികൾക്ക്​ ഗതിവേഗം പകരും​. നൂതനമായ ഗതാഗത രീതികൾ വികസിപ്പിക്കുന്നതിന്‍റെ പാതയിൽ വളരെ സുപ്രധാനമായ ചുവടുവെപ്പായാണിത്​ വിലയിരുത്തപ്പെടുന്നത്​. യു.എ.ഇയില്‍ തന്നെ എയര്‍ടാക്‌സികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. ഹ്രസ്വദൂര എയര്‍ടാക്‌സികള്‍ നിർമിക്കാൻ യു.എസ് കമ്പനിയായ ഒഡീസ് ഏവിയേഷനാണ് രംഗത്തുവന്നിരുന്നത്​. ഹ്രസ്വദൂര യാത്രകള്‍ക്കും ചെറിയ തോതിലുള്ള ചരക്ക് നീക്കത്തിനും അടിയന്തര സേവനങ്ങള്‍ക്കുമായി രൂപകല്പ്പന ചെയ്ത ഹൈബ്രിഡ്-ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ്​ വിമാനങ്ങളാണ് കമ്പനി പ്രത്യേകം നിര്‍മ്മിക്കാൻ ഒരുങ്ങുന്നത്​. 2027ഓടെ ഇത്​ ആരംഭിച്ചേക്കും. ഹ്രസ്വദൂര എയര്‍ടാക്‌സികള്‍ക്ക് മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയുണ്ടായിരിക്കും. ദുബൈ നഗരത്തിൽ മൂന്നു വർഷത്തിനുള്ളിൽ ടാസ്കികൾ പറന്നു തുടങ്ങുമെന്ന്​ ഫെബ്രുവരിയിൽ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ) വെളിപ്പെടുത്തിയിരുന്നു. ഇതിനായി വികസിപ്പിച്ചെടുത്ത ഏരിയൽ ടാക്സി വെർട്ടിപോർട്ടുകളുടെ മോഡലുകൾക്ക് വേൾഡ് ഗവൺമെൻറ് ഉച്ചകോടിയുടെ സന്ദർഭത്തിൽ അംഗീകാരം നൽകിയിരുന്നു.

Tags:    
News Summary - Flying taxis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.