ടാക്സിയിൽ പറക്കാം; അബൂദബിയിൽനിന്ന് ദുബൈയിലേക്ക്
text_fieldsഅബൂദബി: അതിവേഗം വളരുന്ന യു.എ.ഇയിലെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച് പറക്കും ടാക്സികൾ വൈകാതെ രംഗത്തെത്തിയേക്കും. അബൂദബിക്കും ദുബൈക്കുമിടയിൽ 30മിനുറ്റില യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിൽ സംവിധാനം രൂപപ്പെടാനാണ് ഒരുങ്ങുന്നത്. ഇതിനായി യു.എസ് ആസ്ഥാനമായുള്ള ജോബി ഏവിയേഷൻ കമ്പനിയുടെ പറക്കും ടാക്സികൾ 2025-2026 ഓടെ പ്രവർത്തനമാരംഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അബൂദബിയിൽ നടന്ന സ്വയംനിയന്ത്രിത ഗതാഗത മേളയായ ‘ഡ്രിഫ്റ്റ്എക്സ്’ പരിപാടിക്കിടെയാണ് ഇക്കാര്യം കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തിയത്. നേരത്തെ ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യുമായി ജോബി ഏവിയേഷൻ എയർ ടാക്സി പുറത്തിറക്കാൻ കരാർ ഒപ്പിട്ടിരുന്നു. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് പറക്കുംകാര്‍ നിര്‍മാതാക്കളായ ആര്‍ചര്‍ ഏവിയേഷന്‍ അബൂദബിയില്‍ എയര്‍ ടാക്‌സികള്‍ നിര്‍മിക്കുന്നതിനും ആസ്ഥാനമന്ദിരം സ്ഥാപിക്കാനും ദശലക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപിക്കുന്നതും വെളിപ്പെടുത്തിയിട്ടുണ്ട്.
പറക്കും ടാക്സികൾക്കും മറ്റും ഉപയോഗിക്കാനുള്ള ആദ്യ വെർട്ടിപോർട്ടിന് രാജ്യത്ത് പ്രവർത്തനാനുമതി നൽകിയത് യു.എ.ഇ വ്യോമയാന അതോറിറ്റി വെളിപ്പെടുത്തിയിരുന്നു. പറക്കും ടാക്സികളുടെ ടേക്ക്ഓഫിനും ലാൻഡിങ്ങിനും ഉപയോഗിക്കുന്ന വെർട്ടിപോർട് നിർമിക്കപ്പെടുന്നത് ഈ മേഖലയിലെ പദ്ധതികൾക്ക് ഗതിവേഗം പകരും. നൂതനമായ ഗതാഗത രീതികൾ വികസിപ്പിക്കുന്നതിന്‍റെ പാതയിൽ വളരെ സുപ്രധാനമായ ചുവടുവെപ്പായാണിത് വിലയിരുത്തപ്പെടുന്നത്. യു.എ.ഇയില്‍ തന്നെ എയര്‍ടാക്‌സികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. ഹ്രസ്വദൂര എയര്‍ടാക്‌സികള്‍ നിർമിക്കാൻ യു.എസ് കമ്പനിയായ ഒഡീസ് ഏവിയേഷനാണ് രംഗത്തുവന്നിരുന്നത്. ഹ്രസ്വദൂര യാത്രകള്‍ക്കും ചെറിയ തോതിലുള്ള ചരക്ക് നീക്കത്തിനും അടിയന്തര സേവനങ്ങള്‍ക്കുമായി രൂപകല്പ്പന ചെയ്ത ഹൈബ്രിഡ്-ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് വിമാനങ്ങളാണ് കമ്പനി പ്രത്യേകം നിര്‍മ്മിക്കാൻ ഒരുങ്ങുന്നത്. 2027ഓടെ ഇത് ആരംഭിച്ചേക്കും. ഹ്രസ്വദൂര എയര്‍ടാക്‌സികള്‍ക്ക് മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയുണ്ടായിരിക്കും. ദുബൈ നഗരത്തിൽ മൂന്നു വർഷത്തിനുള്ളിൽ ടാസ്കികൾ പറന്നു തുടങ്ങുമെന്ന് ഫെബ്രുവരിയിൽ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) വെളിപ്പെടുത്തിയിരുന്നു. ഇതിനായി വികസിപ്പിച്ചെടുത്ത ഏരിയൽ ടാക്സി വെർട്ടിപോർട്ടുകളുടെ മോഡലുകൾക്ക് വേൾഡ് ഗവൺമെൻറ് ഉച്ചകോടിയുടെ സന്ദർഭത്തിൽ അംഗീകാരം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.