അൽെഎൻ: അബൂദബി എമിറേറ്റിൽ മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ സ്കൂൾ വാഹനങ്ങളുടെ യാത്ര സംബന്ധിച്ച് അബൂദബി വിദ്യാഭ്യാസ^വൈജ്ഞാനിക വകുപ്പ് (അഡെക്) മാർഗനിർദേശം നൽകി. മഞ്ഞ് ഒഴിഞ്ഞ് അന്തരീക്ഷം തെളിയുന്നത് വരെ വിദ്യാർഥികളുമായി വാഹനം ഒാടിക്കരുതെന്നാണ് വകുപ്പ് സ്കൂളുകൾക്ക് അയച്ച സർക്കുലറിലെ പ്രധാന നിർദേശം. വാഹനം അയക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അതിരാവിലെ തന്നെ ഇതു സംബന്ധിച്ച് രക്ഷിതാക്കൾക്ക് വിവരം നൽകണമെന്നും അഡെക് അറിയിച്ചു.
കാഴ്ചാപരിധി കുറഞ്ഞിരിക്കുന്ന സമയത്ത് വിദ്യാർഥികളെ വാഹനങ്ങളിൽ കൊണ്ടുപോകാതിരിക്കാൻ ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും കർശന നിർദേശം നൽകാൻ ബസ് ഒാപറേറ്ററുമാരുമായി സ്കൂൾ അധികൃതർ നേരിട്ട് ഏകോപനം നടത്തണം. മോശം കാലാവസ്ഥ കാരണം വിദ്യാർഥി വൈകി വരികയോ വരാതിരിക്കുകയോ ചെയ്താൽ അവരുടെ സാഹചര്യം മനസ്സിലാക്കി ഇളവ് അനുവദിക്കണം. സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാലയങ്ങളും ഇൗ നിർദേശങ്ങൾ പാലിക്കണമെന്നും സർക്കുലർ വ്യക്തമാക്കി.
ശനിയാഴ്ചയും രാവിലെയും രാജ്യത്ത് കനത്ത മഞ്ഞാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാവിലെയും മൂടൽമഞ്ഞുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) വ്യക്തമാക്കിയിട്ടുണ്ട്. അന്തരീക്ഷത്തിൽ മൂടൽമഞ്ഞ് നിറഞ്ഞ് കാഴ്ചാപരിധി കുറഞ്ഞതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി സ്കൂളുകളുടെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. രാവിലെ 7.30ന് ക്ലാസ് ആരംഭിക്കേണ്ടുന്ന പല സ്കൂളുകളും വ്യാഴാഴ്ച പത്തോടെയാണ് പ്രവർത്തനം തുടങ്ങിയത്. വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു സ്കൂളുകളുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.