ദുബൈ: സംഘർഷം കാരണം അയൽരാജ്യമായ ഛാദിൽ അഭയം തേടിയ സുഡാനികൾക്ക് ഭക്ഷണമെത്തിച്ച് യു.എ.ഇ സംഘം. എമിറേറ്റ്സ് റെഡ്ക്രസന്റ്, സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ചാരിറ്റബ്ൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ എന്നിവ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പട്ടിണിയെ അഭിമുഖീകരിക്കുന്ന അഭയാർഥികൾക്ക് ഭക്ഷണമെത്തിച്ചത്.
വിമാനമാർഗം കഴിഞ്ഞ ആഴ്ച എത്തിച്ച ഭക്ഷ്യവസ്തുക്കൾ ആവശ്യക്കാരെ കണ്ടെത്തി കഴിഞ്ഞ ദിവസവും വളന്റിയർമാർ വിതരണം ചെയ്തു. ഛാദ് നഗരമായ എംജറാസിൽ കഴിയുന്ന സുഡാനി അഭയാർഥികൾക്കും പ്രദേശവാസികൾക്കുമാണ് ഭക്ഷണം വിതരണം ചെയ്തത്. വളന്റിയർമാർ ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതാവസ്ഥകൾ പഠിച്ച് കൂടുതൽ സഹായമെത്തിക്കാനും ആലോചിക്കുന്നുണ്ട്. ഒരോ സ്ഥലങ്ങളും നേരിട്ട് സന്ദർശിച്ചാണ് എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ വളന്റിയർമാർ സ്ഥിതിഗതികൾ വിലയിരുത്തുന്നത്.
ഇരു വിഭാഗങ്ങൾ തമ്മിലെ സംഘർഷത്തെ തുടർന്ന് നിരവധി സുഡാനികളാണ് അയൽരാജ്യമായ ഛാദിൽ അഭയം തേടിയിരിക്കുന്നത്. ഇവരെ സഹായിക്കാൻ ലക്ഷ്യമിട്ട് പലപ്പോഴായി യു.എ.ഇ സഹായ വിമാനങ്ങൾ അയച്ചിരുന്നു. അഭയാർഥികളുടെ ദുരിതം ലഘൂകരിക്കുകയാണ് പ്രവർത്തനങ്ങളുടെ ലക്ഷ്യമെന്ന് എമിറേറ്റ്സ് റെഡ്ക്രസന്റ് പ്രതിനിധിസംഘം തലവൻ ഡോ. അഹ്മദ് ഉബൈദ് അൽ ദാഹിരി യു.എ.ഇ വാർത്ത ഏജൻസിയായ ‘വാമി’നോട് പറഞ്ഞു.
സാധ്യമാകുന്ന സഹായം പ്രദേശി ഭരണകൂടവുമായി സഹകരിച്ച് തുടർന്നും വിതരണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിലിൽ സംഘർഷം ആരംഭിച്ചശേഷം 2000 ടൺ മെഡിക്കൽ, ഭക്ഷണ, റിലീഫ് വസ്തുക്കൾ സുഡാൻ അഭയാർഥികൾക്ക് യു.എ.ഇ എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.