ഭക്ഷണപ്രിയരേ ഇതിലെ വരൂ...

നമ്മള് മലയാളികൾ പൊതുവേ ഭക്ഷണപ്രിയരാണല്ലേ.. എത്ര ഡയറ്റെന്ന് പറഞ്ഞ് ഭക്ഷണം കുറച്ചാലും വ്യത്യസ്ഥ ഭക്ഷണ വിഭവങ്ങൾ കണ്ടാൽ നമ്മുടെ മനസ്സ് മാറും. രുചി വൈവിധ്യങ്ങൾ ആസ്വദിക്കാനും പല നാടുകളിലെ പല രുചികൾ അറിയാനും കമോൺ കേരളയിലെ ടേസ്റ്റി ഇന്ത്യയിൽ എത്തിയാൽ മതി. ഭക്ഷണപ്രിയർക്ക് മനസ്സും വയറും നിറക്കാനും കളിതമാശകളുമായി കൂടാനും ടേസ്റ്റി ഇന്ത്യയിലേക്ക് വരാം.

മലയാളികളുടെ പ്രിയപ്പെട്ട കല്ലുവും (രാജ് കലേഷ്) രുചി വൈവിധ്യങ്ങളുമുള്ള രുചിമേള മനോഹരമായ തീമിലാണ് ഒരുക്കിയിട്ടുള്ളത്. കേരളം മുതൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും വിഭവങ്ങളുള്ള ഇവിടെ ആദ്യ രണ്ട് ദിനങ്ങളിൽ തന്നെ രുചികളാസ്വദിക്കാൻ നിരവധി പേരെത്തി. വന്നവരൊക്കെ മനസ്സ് നിറച്ച് സ്നേഹം കൊണ്ട് പാകം ചെയ്ത ഭക്ഷണങ്ങൾ മതിയാവോളം ആസ്വദിച്ചാണ് മടങ്ങിയത്. ഇനിയും രുചികളാസ്വദിക്കാൻ കമോൺ കേരളയുടെ വരും ദിവസവും ഭക്ഷണപ്രിയരിങ്ങെത്തും.

തൈര് സാദവും ബീഫും കഴിച്ചിട്ടുണ്ടോ, അലുവയും മത്തിക്കറിയും പോലെ ഒരഡാറ് കോമ്പോ.. വ്യത്യസ്ഥ രുചികളുടെ കോമ്പോകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണപ്രിയർക്ക് ടേസ്റ്റി ഇന്ത്യയിൽ, പല നാടുകളിലെ പല വിചിത്രമായ രുചികളുടെയും കോമ്പോകൾ ആസ്വദിക്കാം. കപ്പയും ബീഫും, പഴമ്പൊരിയും ബീഫും, കപ്പയും മീൻ കറിയും തുടങ്ങിയ കോമ്പോകളും കമോൺ കേരളയിൽ രുചിയുടെ മേളയിലുണ്ട്.

രുചി വിശേഷങ്ങൾ പറഞ്ഞ് കല്ലു:

രുചികളെവിടെയുണ്ടോ അവിടെ കല്ലുവുമുണ്ടാകും. രുചിയുടെ പല വകഭേദങ്ങളെ കുറിച്ച് പറഞ്ഞ് ടേസ്റ്റി ഇന്ത്യയിൽ ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട കല്ലു എന്ന രാജ്കലേഷുണ്ട്. വിചിത്രമായ കോമ്പോകളെ കുറിച്ചും വ്യത്യസ്തമായ രുചികളെക്കുറിച്ചും ചോദ്യങ്ങളും കളിചിരി തമാശകളുമായി കല്ലു ടേസ്റ്റി ഇന്ത്യയിൽ കാണികളെ ഹരം കൊള്ളിക്കുകയാണ്. രുചികൾ ആസ്വദിച്ച് ഒപ്പം ഇത്തിരി തമാശകളും കേട്ട് ടേസ്റ്റി ഇന്ത്യയിലൊത്തു കൂടാം. ചോദ്യോത്തരവും സമ്മാനങ്ങളുമൊക്കെയായി കല്ലുവുമൊത്തുള്ള മനോഹര നിമിഷങ്ങളുമാസ്വദിച്ചാണ് വരുന്നവരത്രയും മടങ്ങുന്നത്.

നൂറോളം പുട്ടുകളും ചെറുകടികളും:

വ്യത്യസ്ഥ രുചിയിലുള്ള പുട്ടുകൾ കഴിച്ചിട്ടുണ്ടോ.. ഏറിയാൽ എത്രയെണ്ണം രുചിച്ചുണ്ടാകും. മൂന്നെണ്ണം, അല്ലെങ്കിൽ അഞ്ചെണ്ണം. നൂറോളം തരം വ്യത്യസ്ത തരം പുട്ടുകളാണ് ലൈവായി നൽകുന്നത്, ചട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി, വ്യത്യസ്ത തരം സമോസകൾ തുടങ്ങി ഭക്ഷണങ്ങളിലെ വൈവിധ്യങ്ങളും മേളയിലുണ്ട്. നാട്ടിലെ പുട്ടും ബീഫ് കറിയുമൊക്കെ മിസ്സ് ചെയ്യുന്നവർക്ക് നല്ല കിടിലൻ നാടൻ വിഭവങ്ങളും ഇവിടെ നിന്നാസ്വദിക്കാം. സൗത്ത് ഇന്ത്യൻ നോർത്തിന്ത്യൻ തുടങ്ങി നിങ്ങള് കഴിക്കാനാഗ്രഹിച്ച രുചികളും ഓരോ ജില്ലകളിലെയും തനതായ രുചികളും ഇവിടെയുണ്ട്.

Tags:    
News Summary - Food lovers come here ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT