ദുബൈ: പ്രവാസിമുറികളിൽ മാത്രമല്ല, കുടുംബവുമായി കഴിയുന്നവരുടെ താമസസ്ഥലങ്ങളിലും ഫുട്ബാൾ ആരവം മുഴങ്ങുകയാണ്. മുൻകാലങ്ങളിൽ ഫുട്ബാൾ കാണാത്തവർപോലും ഖത്തർ ലോകകപ്പ് എത്തിയതോടെ കാൽപന്തുകളിയുടെ ഫാൻസായി മാറിക്കഴിഞ്ഞു.
കുടുംബങ്ങളിൽ കൂടുതലും അർജന്റീന, ബ്രസീൽ, മെസ്സി, ക്രിസ്റ്റ്യാനോ, നെയ്മർ ഫാൻസാണ്. അർജന്റീനയുടെയും ബ്രസീലിന്റെയും ജഴ്സിക്കാണ് മാർക്കറ്റിൽ കൂടുതൽ ഡിമാൻഡ്. കുടുംബവുമായി ഈ ടീമുകളുടെ ജഴ്സിയണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലെമ്പാടും. ഇഷ്ട ടീമുകളുടെ ജഴ്സിയണിഞ്ഞാണ് കുടുംബങ്ങളിൽ മത്സരം വീക്ഷിക്കുന്നത്.
ഒരു വീട്ടിൽതന്നെ വിവിധ ടീമുകളുടെ ഫാൻസുണ്ട്. ഫ്രാൻസിനും പോർചുഗലിനും ഇംഗ്ലണ്ടിനും ഖത്തറിനുമെല്ലാം വീടുകളിൽ ഫാൻസുണ്ട്. പലരും ടെലിവിഷൻ വാങ്ങിയതുതന്നെ ലോകകപ്പ് മുന്നിൽകണ്ടാണ്. ഈ മാസം യു.എ.ഇയിൽ റെക്കോഡ് ടെലിവിഷൻ വിൽപന നടന്നതായി കച്ചവടക്കാർ വെളിപ്പെടുത്തിയിരുന്നു. ഒരേ സമയം രണ്ടു മത്സരമുള്ളതിനാൽ കൂടുതൽ പണം നൽകി പാക്കേജുകളെടുത്താണ് മത്സരം കാണുന്നത്.
കുടുംബങ്ങളൊത്തൊരുമിച്ച് ഫാൻ സോണിലും ഫാൻ ഫെസ്റ്റിലും പോയി കളി കാണാനുള്ള ഒരുക്കത്തിലാണ്. അവധിദിനങ്ങളിലാണ് ഫാൻ ഫെസ്റ്റിൽ ബുക്ക് ചെയ്തിരിക്കുന്നത്. ഭക്ഷണം മുതൽ പലവിധ വിനോദങ്ങളാണ് ഫാൻ ഫെസ്റ്റിൽ കാത്തിരിക്കുന്നത്.
കുടുംബങ്ങൾക്കും കുട്ടികൾക്കും ഉല്ലസിക്കാനുള്ള സൗകര്യങ്ങൾ ഫാൻ ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. വാഹനവുമായി കുടുംബസമേതം ഖത്തറിൽ നേരിട്ടെത്തി ലോകകപ്പിന്റെ ഭാഗമാകുന്നവരുമുണ്ട്. യു.എ.ഇയിൽനിന്ന് ആറു മണിക്കൂറാണ് ഖത്തറിൽ എത്താനുള്ള യാത്രാസമയം. പക്ഷേ, തിരക്കേറിയതിനാൽ എട്ടു മുതൽ 12 മണിക്കൂർ വരെ സമയമെടുക്കുന്നുണ്ട്. സൗദി വഴിയാണ് യാത്ര. ജി.സി.സി മുഴുവൻ കറങ്ങി ഖത്തറിലെത്തി കളി കാണാൻ പുറപ്പെട്ട മലയാളികളുമുണ്ട്.
കണ്ണൂർ തളിപ്പറമ്പ് സ്വദേശി കെ.വി.ടി. മുഹമ്മദ് അഷ്റഫും കുടുംബവും നാട്ടിൽനിന്ന് കേരള രജിസ്ട്രേഷൻ ഇന്നോവ കപ്പൽമാർഗം ദുബൈയിൽ എത്തിച്ചാണ് യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.