ചരിത്രത്തിലാദ്യമായി ഫുട്ബാൾ ലോകകപ്പ് പശ്ചിമേഷ്യയുടെ മണ്ണിലേക്ക് വിരുന്നെത്തുകയാണ്. ഗൾഫ് മേഖലയെ മുഴുവൻ ആവേശക്കൊടുമുടിയിൽ എത്തിക്കുന്ന ഖത്തറിലെ സോക്കർ മാമാങ്കത്തിന്റെ ആവേശം യു.എ.ഇയിലും ദൃശ്യമാണ്. ഇമാറാത്തിലെ വിവിധ നഗരങ്ങളിൽ താമസിച്ച് ദിനേനെ ലോകകപ്പിനായി പറക്കാൻ സ്വദേശികളും പ്രവാസികളും മാത്രമല്ല, ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും ആരാധകക്കൂട്ടങ്ങൾ വരെ തയാറായിക്കഴിഞ്ഞു. ഫുട്ബാൾ ലോകകപ്പിന്റെ ആവേശത്തോടൊപ്പം ചേരുന്ന 'ഇമാറാത്ത് ബീറ്റ്സ്' മഹാമേളയുടെ ചരിത്രത്തിലെ സുവർണ നിമിഷങ്ങൾ നിങ്ങൾക്ക് 'വേൾഡ്കപ്പ് ഗാലറി'യിലൂടെ പരിചയപ്പെടുത്തുകയാണ്.
പിയർ ഡി കൂബർട്ടിനും ഫുട്ബാളും തമ്മിലെന്ത് ബന്ധം. പ്രത്യക്ഷത്തിൽ ഒന്നുമില്ലെന്ന് പറയാം. എന്നാൽ, ഒളിമ്പിക്സിനെ ഉണർത്തിയെടുത്ത കൂബർട്ടിൻ നൽകിയ ആവേശമായിരുന്നു മൂന്ന് പതിറ്റാണ്ടിനപ്പുറം പ്രഥമ ലോകകപ്പിലേക്കും വഴിതെളിയിച്ചത്.
പുരാതനകാലത്ത് നിലച്ചുപോയ കായിക ഉത്സവത്തിനെ പൊടിതട്ടിയെടുത്ത് ലോകത്തിന്റെ കായികമാമാങ്കമാറ്റി മാറ്റുന്നത് പിയർ ഡി കൂബർട്ടിൻ എന്ന ഫ്രഞ്ചുകാരനായ ചരിത്രകാരനും അധ്യാപകനുമായിരുന്നു. ആരോഗ്യമുള്ള ശരീരത്തിന് വ്യായാമവും, കായികധ്വാനവും അത്ലറ്റിക്സുമെല്ലാം നല്ലതാണെന്ന് വിശ്വസിച്ച കൂബർട്ടിൻ സമാന ചിന്തഗതിക്കാരായ ഒരുകൂട്ടം കായിക പ്രേമികളുടെ പിന്തുണയോടെ 1894ലാണ് ഇന്റർനാഷനൽ ഒളിമ്പിക് കമ്മിറ്റി ആരംഭിക്കുന്നത്. ക്രിസ്തുവിനും മുമ്പ് ഗ്രീക്കിൽ സജീവമായിരുന്ന ഒളിമ്പിക്സ് എന്ന വിശ്വകായികമേളയെ പുനഃസംഘടിപ്പിക്കാനുള്ള പതിറ്റാണ്ടുകളായ ചിന്തയുടെ ൈക്ലമാക്സായിരുന്നു ഒളിമ്പിക് കമ്മിറ്റിയുടെ രൂപവത്കരണം. അങ്ങനെ പുരാതന ഗ്രീക്ക് നഗരിയായ ആതൻസിലെ പനതിനായ്കോ സ്റ്റേഡിയത്തിൽ 1896ൽ പ്രഥമ ആധുനിക ഒളിമ്പിക്സിന് ട്രാക്കുണർന്നത് ചരിത്രം. ശേഷം, 1900ൽ പാരിസിലും, 1904ൽ സെന്റ് ലൂയിസിലും പിന്നാലെ ഓരോ നാലു വർഷത്തിലുമായി ഒളിമ്പിക്സ് സജീവമായി വന്നതോടെ ഫുട്ബാളിനും ഒരു ലോകമേള വേണമെന്ന ആലോചനയുദിച്ചു.
കൂബർട്ടിൽ നൽകിയ തീപ്പൊരി ഫുട്ബാളിലെ വിശ്വമേളയിലേക്കും പടർന്നു. 1904ൽ ഫ്രഞ്ച് മാധ്യമ പ്രവർത്തകനായ റോബർട്ട് ഗ്യുവറിൻ പ്രഥമ അധ്യക്ഷനായാണ് യൂറോപ്യൻ രാജ്യങ്ങൾ അംഗങ്ങളായ ഒരു ഫുട്ബാൾ ഫെഡറേഷന് രൂപം നൽകുന്നത്. വെറും 28 വയസ്സ് മാത്രം പ്രായത്തിൽ യുവത്വത്തിന്റെ ചുറുചുറുക്കോടെ ഫെഡറേഷൻ ഇന്റർനാഷനൽ ഡി ഫുട്ബാൾ അസോസിയേഷൻ (ഫിഫ) എന്ന കൂട്ടായ്മക്ക് ഗ്യൂവറിൻ തുടക്കം കുറിക്കുകയായിരുന്നു. രണ്ടു വർഷമേ അദ്ദേഹത്തിന് ഈ പദവിയിൽ ഇരിക്കാനായുള്ളൂ. പിന്നീട്, ഇംഗ്ലീഷ് ഫുട്ബാൾ അധികാരികളിൽ ഒരാളായ ഡാനിയേൽ ബർലി വൂൾഫാൾ അധ്യക്ഷനായി സ്ഥാനമേറ്റ്, യൂറേപ്പിന് പുറത്തു നിന്നും അംഗരാജ്യങ്ങളെ ഫിഫക്കു കീഴിൽ അണിനിരത്തി വിപലുപ്പെടുത്തുമ്പോഴേക്കും ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1921 ആ പദവിയിലെത്തുന്ന വ്യക്തിയാണ് ലോകകപ്പ് ഫുട്ബാളിന്റെ ഉപഞ്ജാതാവായി അറിയപ്പെടുന്ന സാക്ഷാൽ യുൾറിമെ. എന്നാൽ, 1904ൽ ഫിഫയുടെ രൂപവത്കരണത്തിൽ പങ്കാളിയും രണ്ടാമത്തെ സെക്രട്ടറി ജനറലും അതിസമ്പന്നനുമായ ഹോളണ്ടുകാരൻ കോർണിലിയസ് അഗസ്റ്റസ് വിൽഹം ഹിർഷ്മാൻ എന്ന ബാങ്കറുടെ ചിന്തയിലായിരുന്നു ഒളിമ്പിക്സ് മാതൃകയിൽ ഒരു ഫുട്ബാൾ മേള എന്ന ആശയം മൊട്ടിടുന്നത്. 1906 മുതൽ 1931 വരെ ലോകഫുട്ബാളിന്റെ കാര്യക്കാരൻ എന്ന ചുമതല വിൽഹം ഹിർഷ്മാനായിരുന്നു.
പിയർഡി കൂബർട്ടിൻ ഏതുരീതിയിലാണോ ഒളിമ്പിക്സിനെ പുനരാരംഭിച്ചത്, അതുപോലൊരു സാഹസികതയായിരുന്നു ഹിർഷ്മാന്റേതും. ഫുട്ബാളിന്റെ പിതൃഭൂമിയെന്ന് വിശേഷിപ്പിക്കുന്ന ഇംഗ്ലണ്ടും അവരോട് ചേർന്ന അയർലൻഡും സ്കോട്ലൻഡും പിന്തുണച്ചാൽ ആ സ്വപ്നം പൂവണിയുമെന്നായിരുന്നു ഹിർഷ്മാന്റെയും കൂട്ടരുടെയും ധാരണ. സാർവദേശീയ ഫുട്ബാൾ മത്സരം എന്ന ആശയവുമായി കയറിയെത്തിയ ഹിർഷ്മാൻ നേരിട്ടത് പരിഹാസം നിറഞ്ഞ പ്രതികരണങ്ങൾ. അക്കാലത്ത് ലോകത്തെ ഏറ്റവും വലിയ ശക്തിയും സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളുമായ ഇംഗ്ലണ്ടിന്റെ നീരസത്തോടെ മുന്നോട്ടു
പോവുകയെന്നത് അസാധ്യവുമായിരുന്നു. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ഇംഗ്ലണ്ടും, അയർലൻഡും സ്കോട്ലൻഡും ഉൾപ്പെടെയുള്ള പവർഹൗസുകൾ സാർവദേശീയ ഫുട്ബാൾ മേള എന്ന ആശയത്തിൽ നിന്നും പിന്തിരിഞ്ഞു. ഇതിനിടയിൽ ഒന്നാം ലോക യുദ്ധമെത്തി. കളിക്കളങ്ങളെല്ലാം യുദ്ധഭൂമികളായി. സ്റ്റേഡിയങ്ങളും മൈതാനങ്ങളും പീരങ്കികളും ബോബുകളും നിരങ്ങി. പന്തുകൾക്ക് പകരം മനുഷ്യന്റെ തലകൾ ഉരുണ്ടുതുടങ്ങി. പിന്നെ ലോകയുദ്ധമെല്ലാം അവസാനിച്ച ശേഷം, ഹിർഷ്മാൻ തന്റെ പ്ലാനുകൾ വീണ്ടും പൊടിതട്ടിയെടുത്തു. അപ്പോഴേക്കും കൂട്ടായി 1921ൽ സ്ഥാനമേറ്റ ഫിഫ പ്രസിഡന്റ് യുൾ റിമേയും എത്തി. എന്ത് വിലകൊടുത്തും, ലോകത്തിന്റെ ഏത് കോണിലെങ്കിലുമായി വിശ്വ ഫുട്ബാൾ മേള നടത്തണം എന്ന ആശയക്കാരനായിരുന്നു
യുൾറിമെ. അങ്ങനെ, ഇംഗ്ലണ്ടിനെ കൂടി കണക്കാക്കി അവർ മനസ്സിലൊരു ലോകകപ്പ് ഗ്രൂപ് പ്രഖ്യാപിച്ചു. കാര്യങ്ങളെല്ലാം മുന്നോട്ടുപോവുമ്പോൾ ഇംഗ്ലണ്ടും പിന്തണക്കുമെന്നായിരുന്നു കണക്കു കൂട്ടൽ. ഒളിമ്പിക്സ് മാതൃകയിൽ ലോകരാജ്യങ്ങളെ പങ്കെടുപ്പിച്ച് പാരീസിൽ ഒരു ഫുട്ബാൾ മേളയെന്ന ആശയം അവർ സജീവമാക്കി. 15 യൂറോപ്യൻ രാജ്യങ്ങളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് ഫിക്സ്ചറും ഒരുക്കി. എന്നാൽ, ഒരു ഘട്ടത്തിൽ പോലും അനുകൂലമായി പ്രതികരിക്കാത്ത, ഇംഗ്ലണ്ടും, അവരെ പിന്തുണക്കുന്ന രാജ്യങ്ങളുമൊന്നും കളിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ ആദ്യ ലോകകപ്പ് ഫുട്ബാൾ എന്ന സ്വപ്നം മുളയിലേ കൊഴിഞ്ഞുപോവുമെന്നായി. ഫിഫയുടെ നിലനിൽപ്പുപോലും ചോദ്യചെയ്യപ്പെട്ട കാലം.
എന്നാൽ, മുന്നോട്ടുവെച്ച കാലുകൾ പിന്നോട്ടെടുക്കാൻ യുൾറിമെയും ഹിർഷ്മാനും തയാറായിരുന്നില്ല. അവർ, യൂറോപ്പിന് പുറത്തെ ഫുട്ബാൾ സാധ്യതകളെ കുറിച്ച് അന്വേഷണമാരംഭിച്ചു.
ഇംഗ്ലണ്ടും, അവരുടെ സൗഹൃദ രാജ്യങ്ങളും ഫുട്ബാൾ മേളയെന്ന ആശയത്തോ
ട് പുറംതിരിഞ്ഞപ്പോൾ മറ്റുവഴികൾ തേടാൻ ഫിഫ മേധാവികൾ നിർബന്ധിതരായി. യുദ്ധാനന്തരം യൂറോപ്പിലുണ്ടായ സാമ്പത്തിക മാന്ദ്യവും ഇംഗ്ലീഷ് ടീമുകളുടെ പിൻവാങ്ങലിന് ഒരു കാരണമായിരുന്നു. ലോകകപ്പ് കളിച്ച് തിരികെയെത്തുമ്പോൾ തങ്ങളുടെ ജോലി നഷ്ടപ്പെടുമോയെന്ന ആശങ്ക സജീവമായതും തിരിച്ചടിയായി.
എന്നാൽ, യൂറോപ്പിൽ സാർവദേശീയ ഫുട്ബാൾ മേള നടക്കില്ലെന്ന് ഉറപ്പിച്ചതോടെ അക്കാലത്ത് ഒളിമ്പിക്സ് ഫുട്ബാളിൽ കേമന്മാരായ ലാറ്റിനമേരിക്കയിലേക്കായി യുൾറിമേ-ഹിർഷ്മാൻ ചിന്തകൾ. 1924 പാരിസ്, 1928 ആംസ്റ്റർഡാം ഒളിമ്പിക്സിൽ ഫുട്ബാൾ ജേതാക്കളായിരുന്ന ഉറുഗ്വായ് വേദിയൊരുക്കാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെതി. ഇതോടൊപ്പം തന്നെ അവരെ പ്രേരിപ്പിച്ച ഒന്നായിരുന്നു 1924 ഒളിമ്പിക്സ് ഫുട്ബാൾ ഫൈനലിന് സാക്ഷിയാവാൻ 40,000 കാണികൾ ഒഴുകിയെത്തിയ അനുഭവവും. ഫുട്ബാൾ ഒരു ജനകീയ ഗെയിമാണെന്നും, വലിയ വിപണി സാധ്യതയാണ് മുന്നിലുള്ളതെന്നും തിരിച്ചറിയാൻ സാമ്പത്തിക വിദഗ്ധൻ കൂടിയായ ഹിർഷ്മാന് മറ്റൊന്നും വേണ്ടിയിരുന്നില്ല.
തലസ്ഥാനമായ മോണ്ടവിഡിയോ നഗരത്തെ പ്രഥമ ലോകകപ്പ് വേദിയായി തെരഞ്ഞെടുത്തു. ഇതിനിടയിൽ യൂറോപ്പിലും ചില മാറ്റങ്ങളുണ്ടായി. ഓസ്ട്രിയൻ ഫുട്ബാൾ അധിപൻ ഡോ. ഹ്യൂഗോ മൈസൽ യുൾറിമേക്ക് പിന്തുണ പ്രഖ്യാപിച്ചു. ഒപ്പാം, ഫ്രാൻസ്, ബെൽജിയം, യൂഗോസ്ലാവ്യ രാജയങ്ങളും സഹകരണമറിയിച്ചു. ആവേശം കൂടിയ യുൾറിമേ തനി തങ്കത്തിൽ തീർത്ത ഒരു ട്രോഫി ജേതാക്കൾക്കായി നൽകാമെന്നേറ്റതോടെ പ്രഥമ ലോകകപ്പിന് എല്ലാ സാധ്യതയും തെളിയുകയായിരുന്നു. 1929 ബാഴ്സലോണ ഫിഫ കോൺഗ്രസിൽ ആദ്യ ലോകകപ്പിന്റെ വേദിയായ മോണ്ടിവീഡിയോ നഗരത്തെ പ്രഖ്യാപിച്ചു.
പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് 13 ടീമുകളുമായി പ്രഥമ ലോകകപ്പിന് മോണ്ടവീഡിയോ നഗരത്തിലെ മൂന്ന് വേദികളിൽ പന്തുരുണ്ടു. അർജന്റീന, ചിലി, ഫ്രാൻസ്, മെക്സികോ എന്നിവർ ഗ്രൂപ് ഒന്നിൽ. യൂഗോ, ബ്രസീൽ, ബൊളീവിയ രണ്ടിലും, ഉറുഗ്വായ്, റുമേനിയ, പെറു ടീമുകൾ മൂന്നിലും, അമേരിക്ക, പരഗ്വേ, ബെൽജിയം ടീമുകൾ നാലിലുമായി മത്സരിച്ചു. ഓരോ ഗ്രൂപ്പിലെയും വിജയികൾ സെമിയിലെത്തി. ഒന്നാം സെമിയിൽ അർജന്റീന 6-1ന് അമേരിക്കയെയും, രണ്ടാം സെമിയിൽ ഉറുഗ്വായ് 6-1ന് യൂഗോയെയും തോൽപിച്ചു. ഫൈനലിൽ ലാപ്ലാറ്റ നദി കടന്ന് ഒഴുകിയെത്തിയ അർജന്റീന ആരാധകർക്ക് മുന്നിൽ നിറഞ്ഞു കളിച്ച ഉറുഗ്വായ് പ്രഥമ കിരീടം ചൂടി.
രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്ന് തെക്കനമേരിക്കയിലെ ഉറുഗ്വായിൽ ലോകകപ്പ് ഫുട്ബാൾ നടക്കുമ്പോൾ യൂറോപ്യൻ ടീമുകളെ പങ്കെടുപ്പിക്കലായിരുന്നു വലിയ വെല്ലുവിളി. അതിനായി പല വാഗ്ദാനങ്ങളും ഇടപെടലുകളും തന്നെ ഫിഫ പ്രസിഡന്റ് യുൾറിമെ നടത്തേണ്ടിവന്നു. ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ, ജർമനി, ഹോണ്ട് ടീമുകൾ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ മറ്റു ടീമുകൾക്കു പിന്നാലെയായി അദ്ദേഹത്തിന്റെ ചിന്തകൾ. അർധസമ്മതത്തിനിടയിലും സാമ്പത്തിക പരാധീനത ഉന്നയിച്ച് പിന്മാറാൻ ഒരുങ്ങിയവരോട്, യാത്രാെചിലവ് നൽകാമെന്ന വാഗ്ദാനവുമായി ആതിഥേയരായ ഉറുഗ്വായ് രംഗത്തെത്തി. ബെൽജിയം, ഫ്രാൻസ്, റുമേനിയ, യൂഗോസ്ലാവ്യ ടീമുകളെ ആതിഥേയർ യാത്രാ ചിലവ് വഹിച്ച് ടൂർണമെന്റിൽ പങ്കെടുപ്പിക്കാൻ തയാറായി. ലോകകപ്പിന് പിന്തുണ പ്രഖ്യാപിച്ച റുമേനിയൻ രാജാവ് കരോൾ ഒരുപടി കൂടി കടന്ന് ഇടപെട്ടു. ടീം അംഗങ്ങൾക്ക് ജോലിയിൽ നിന്നും മൂന്ന് മാസം അവധി നൽകിയും, തിരികെ വരുമ്പോൾ ജോലി ഉറപ്പു നൽകിയുമാണ് അദ്ദേഹം ലോകകപ്പ് ടീമിനെ യാത്രയാക്കിയത്.
ഇന്ന് ഇതെല്ലാം ഒരു കടങ്കഥപോലെ തോന്നും. ചാർട്ടർ ചെയ്ത വിമാനത്തിൽ, താരത്തിളക്കത്തോടെ ടീമുകൾ സഞ്ചരിക്കുമ്പോൾ 1930ൽ യൂറോപ്പിൽനിന്നുള്ള നാലുടീമുകളുടെ യാത്ര ഒരു ബോട്ടിലേറിയായിരുന്നു. ആഴ്ചയിലേറെ എടുത്ത കടൽ യാത്രക്കൊടുവിലായിരുന്നു അവർ വേദിയായ മോണ്ടവീഡിയോയിലെത്തിയത്.
ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ അമേരിക്ക ബെൽജിയത്തെ തോൽപിക്കുന്നു. അമേരിക്കയുടെ കരുത്തറിയിക്കുന്ന മത്സര ഫലം. എന്നാൽ, പിന്നീടാണറിയുന്നത് അമേരിക്കൻ ടീം നിറയെ യൂറോപ്യൻ താരങ്ങളായിരുന്നുവെന്ന കഥ. ലോകകപ്പിൽ പങ്കെടുക്കാൻ താൽപര്യമുണ്ടായിരുന്ന ടീമായിരുന്നു സ്കോട്ലൻഡ്. എന്നാൽ, ഇംഗ്ലണ്ടിന്റെ ഇടപെടൽ അവരെ പിന്തിരിപ്പിച്ചു. അതേസമയം, ലോകകപ്പിൽ കളിക്കാൻ തീരുമാനിച്ച അമേരിക്കയാവട്ടെ തങ്ങളുടെ സ്കോട്ടിഷ് സ്വാധീനം ഉപയോഗിച്ച് രാത്രിയോട് രാത്രി സ്കോട്ടിഷ് ടീമിന് ഒന്നടങ്കം പൗരത്വം നൽകി തങ്ങളുടെ ടീമാക്കി മാറ്റി. ഇങ്ങനെ മറ്റൊരു കഥകൂടിയുണ്ട് പ്രഥമ ലോകകപ്പിൽ. ആറു പേരുമായി ഉറുഗ്വായിലെത്തിയ യൂഗോസ്ലാവ്യക്ക് കളത്തിലിറങ്ങാൻ ആളില്ല. ഇതറിഞ്ഞ യുൾറിമെ ഫ്രാൻസിലെത്തി അവിടെ കളിച്ചിരുന്ന ഏതാനും യൂഗോ താരങ്ങളെ തപ്പിപ്പിടിച്ച് ഉറുഗ്വായിലെത്തി യുഗോ ഫുൾടീമാക്കി മാറ്റിയെന്നാണ് ഈ കഥ.
ജനലക്ഷങ്ങൾ ഒഴുകിയെത്തിയും, തെക്കനമേരിക്കയിൽ ആരാധകർ തമ്മിലെ ഏറ്റുമുട്ടലും കഴിഞ്ഞ ലോകകപ്പ് പക്ഷേ, യൂറോപ്പ് തമസ്കരിച്ചു. 'ലാറ്റിനമേരിക്കൻ ലോകകപ്പ് ഉറുഗ്വായ് ജയിച്ചു' എന്നായിരുന്നു ഇംഗ്ലീഷ് പത്രങ്ങൾ തലവാചകമെഴുതിയത്.
'ലോകകപ്പ് എന്ന് വിളിക്കപ്പെടുന്ന ടൂർണമെന്റ്' ആയി ദി ടൈംസ് ഓഫ് ലണ്ടന്റെ തലക്കെട്ട്. എങ്കിലും ലോകകപ്പിന്റെ വിജയം യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും കാണികളെ ഉണർത്താനുള്ള ഒന്നായി മാറി.
ഫൈനലിന് ഇറങ്ങും മുമ്പേ ഏത് പന്ത് ഉപയോഗിക്കുമെന്നതായിരുന്നു തർക്കം. ഔദ്യോ
ഗിക പന്തുകളില്ലാത്തതിനാൽ ഓരോ ടീമും തങ്ങൾ കളിച്ചുവന്ന പന്തിലും ഭാഗ്യമുണ്ടെന്ന്
വിശ്വസിച്ചു. അർജന്റീനയും ഉറുഗ്വായും ഏറ്റുമുട്ടിയ ഫൈനലിൽ ഇരു ടീമുകൾക്കും തങ്ങളുടെ പന്ത് മതിയെന്നായി വാദം. ഒടുവിൽ ഒരു പരിഹാരം കണ്ടെത്തി. ഇരു പകുതികളിലുമായി രണ്ടുപന്തുകൾ ഉപയോഗിക്കാമെന്നായി. അങ്ങനെ ആദ്യ പകുതിയിൽ അർജന്റീനക്കാരുടെ 12 പാനൽ ടി മോഡൽ തുകൽ പന്ത് ഉപയോഗിച്ച് കളിതുടങ്ങി. 2-1ന് അർജന്റീന ലീഡ് നേടിയ ഒന്നാം പകുതി. രണ്ടാം പകുതിയിൽ ഉറുഗ്വായുടെ പന്ത് കളത്തിലെത്തിയപ്പോൾ 'ഭാഗ്യം' അവർക്കൊപ്പമായി. 4-2ന്റെ ജയത്തോടെ ഉറുഗ്വായ് കിരീടമണിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.