ദുബൈ: കായിക ലോകത്തിന്റെ ഏറ്റവും ആവേശകരമായ ആഘോഷമായ ഫുട്ബാൾ ലോകകപ്പ് ആസ്വദിക്കാനായി അറബ് നാട്ടിലേക്ക് ആരാധകർ ഒഴുകുമ്പോൾ യു.എ.ഇക്കും സാമ്പത്തിക നേട്ടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദുബൈയിലേക്ക് ഈ സീസണിൽ 10ലക്ഷത്തോളം സന്ദർശകർ അധികമായെത്തുന്നതാണ് സാമ്പത്തിക രംഗത്തിനും സഹായകമാകുന്നത്. ദുബൈ സ്പോർട്സ് കൗൺസിൽ പുറത്തുവിട്ട കണക്കാണ് ഇത്രയും അധിക സന്ദർശകർ എത്തുമെന്ന് പ്രവചിക്കുന്നത്. ഖത്തറിൽ താമസസൗകര്യം കുറവായതിനാൽ പിന്നീട് ദുബൈയാണ് ഏറ്റവും കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത്. ദുബൈയിൽ ഏകദേശം 1.4ലക്ഷം ഹോട്ടൽ മുറികളുള്ളപ്പോൾ ഖത്തറിൽ 45,000 ആണുള്ളത്. ലോകകപ്പ് വേളയിൽ ദോഹക്കും ദുബൈക്കുമിടയിൽ ആയിരക്കണക്കിന് ആരാധകരാണ് ഷട്ടിൽ സർവീസ് നടത്തുന്നത്.
എക്സ്പോ 2020 ദുബൈക്ക് യു.എ.ഇ ആതിഥേയത്വം വഹിച്ചത് ലോകതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഹാമാരിയുടെ ആശങ്കകൾക്കിടയിലും എക്സ്പോയെ വൻ വിജയമാക്കാൻ കഴിഞ്ഞിരുന്നു. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പ്രദർശന കേന്ദ്രങ്ങൾ, ഫ്രീ സോണുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നത് യു.എ.ഇയിലാണ്. ദുബൈ വിമാനത്താവളം ഇപ്പോൾ ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമെന്ന പദവിയിലാണുള്ളത്. ഇതെല്ലാം ലോകകപ്പ് സഞ്ചാരികളെ യു.എ.ഇയിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്.
ലോകബാങ്ക് പ്രവചന പ്രകാരം 2022ൽ ജി.സി.സിയുടെ സംയോജിത മൊത്ത ആഭ്യന്തര ഉൽപാദനം 6.9ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഖത്തറിന്റേത് 4 ശതമാനത്തിലധികം വളർച്ച കൈവരിക്കുമ്പോൾ യു.എ.ഇയുടെ ജി.ഡി.പി 6 ശതമാനത്തിൽ കുറയാതെ വളരുമെന്നാണ് കരുതുന്നത്. പശ്ചിമേഷ്യയിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ യു.എ.ഇ വിവിധ നൂതന മേഖലകളിൽ നിക്ഷേപം ആകർഷിക്കുന്നതിന് വിവിധ പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞിട്ടുമുണ്ട്. വിദേശ നിക്ഷേപം, വിനോദസഞ്ചാരം, വ്യാപാരം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ യു.എ.ഇ മുന്നേറ്റം തുടരുന്നതിന് യു.എ.ഇ വലിയ പ്രധാന്യമാണ് നൽകുന്നത്. ഇതിൽ വിനോദ സഞ്ചാര മേഖലക്ക് വലിയ മുന്നേറ്റമാണ് ലോകകപ്പ് വഴി രൂപപ്പെട്ടിരിക്കുന്നത്.
ഇപ്പോൾ തന്നെ ഫാന ഫെസ്റ്റുകളിലും മറ്റുമായി നിരവധി വിനോദ സഞ്ചാരികൾ യു.എ.ഇയിൽ നിന്ന് കളിയാസ്വദിക്കുന്നുണ്ട്. തണുപ്പുകാലം കൂടിയായതിനാൽ ടൂറിസം കേന്ദ്രങ്ങളിൽ നല്ല രീതിയിൽ സഞ്ചാരികൾ എത്തുന്നുമുണ്ട്. വ്യാപാര മേഖലകളിൽ ഇതെല്ലാം ശക്തമായി പ്രതിഫലിക്കുന്നതായാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ലോകകപ്പിനായി ഒഴുകിയെത്തുന്ന പതിനായിരങ്ങൾ ഗൾഫ് മേഖലയിൽ ഒന്നാകെയുള്ള സമ്പദ് വ്യവസ്ഥകൾകെല്ലാം ഈ അർഥത്തിൽ ഊർജം പകരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.