ദുബൈ: ബാങ്കിങ് ഉൾപ്പെടെ സാമ്പത്തിക മേഖലയിലെ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി രൂപം നൽകിയ സാമ്പത്തിക ഓംബുഡ്സ്മാനായ ‘സനാദക്’ പ്രവർത്തനം ആരംഭിച്ചു. ഉപഭോക്തൃ സംരക്ഷണത്തിനായി മെന മേഖലയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ആദ്യ ഓംബുഡ്സ്മാനാണിത്.
സാമ്പത്തിക കേസുകളിൽ കോടതികളെയും മറ്റ് ജുഡീഷ്യൽ അതോറിറ്റികളെയും സമീപിക്കുന്ന സാഹചര്യങ്ങൾ കുറച്ച് പ്രശ്നപരിഹാരത്തിനുള്ള സേവനങ്ങൾ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകുകയാണ് ലക്ഷ്യം. കാര്യക്ഷമമായും സുതാര്യമായും പരാതികൾ പരിഹരിച്ച് വിശ്വാസത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം വളർത്തിയെടുക്കുന്ന കൂടുതൽ യോജിച്ച സാമ്പത്തിക മേഖലക്ക് യു.എ.ഇ വഴിയൊരുക്കുകയാണ് ‘സനാദകി’ലൂടെ ചെയ്യുന്നതെന്ന് ചെയർമാൻ ഫാത്തിമ അൽ ജാബിർ പറഞ്ഞു.ബാങ്കിങ്, സാമ്പത്തിക സേവന ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്നതിനും നീതി ഉറപ്പുനൽകുന്നതിനുമായി 2021ൽ യു.എ.ഇ സെൻട്രൽ ബാങ്ക് ഉപഭോക്തൃ സംരക്ഷണ നിയമ ചട്ടക്കൂടിനായി പ്രവർത്തനം ആരംഭിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ വർഷമാണ് ‘സനാദക്’ എന്ന പേരിൽ ബാങ്കിങ് ഓംബുഡ്സ്മാൻ രൂപവത്കരിച്ചത്. ഇടപാടുകാരുടെ സാമ്പത്തികമായ പരാതികൾ മുമ്പ് ആദ്യം സമർപ്പിക്കേണ്ടിയിരുന്നത് അതത് ബാങ്കിൽ തന്നെയായിരുന്നു. ഈ പരാതികളിൽ 30 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ബാങ്ക് പ്രതികരിച്ചില്ലെങ്കിലോ സേവനത്തിൽ തൃപ്തരോ അല്ലെങ്കിൽ മാത്രമേ യു.എ.ഇ സെൻട്രൽ ബാങ്കിന്റെ ഉപഭോക്തൃ സംരക്ഷണ വകുപ്പിൽ പരാതി ബോധിപ്പിക്കാനാവൂ.
എന്നാൽ, ഇനി മുതൽ ഇൻഷുറസ് കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന സേവനങ്ങളിലോ ഉൽപന്നങ്ങളിലോ ഉള്ള പരാതികൾ നേരിട്ട് ‘സനാദകി’ന് നൽകാം. ഇതിനായി ആദ്യം സനാദക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. പരാതി സമർപ്പിക്കാൻ രണ്ട് ഓപ്ഷനുകളുണ്ട്. ഒന്ന് ബാങ്കിങ്, സാമ്പത്തിക സേവന രംഗത്തെയും രണ്ടാമത്തേത് ഇൻഷുറൻസ് രംഗത്തെയും പരാതികളാണ് സമർപ്പിക്കാവുന്നത്. ലഭിക്കുന്ന ഫലം അനുസരിച്ച് 500 ദിർഹം നൽകി അപ്പീൽ സമർപ്പിക്കുകയും ചെയ്യാം.2020ൽ ഇൻഷുറൻസ് അതോറിറ്റിയെ റഗുലേറ്ററുമായി ലയിപ്പിച്ച ശേഷം ഇൻഷുറൻസ് കമ്പനികളുടെ നിയന്ത്രണം സെൻട്രൽ ബാങ്കിനാണ്. തുടർന്ന് ഉപഭോക്തൃ സംരക്ഷണത്തിനായി 2020ൽ ഇൻഷുറൻസ് മേഖലയിൽ പുതിയ നിയന്ത്രണങ്ങളും സെൻട്രൽ ബാങ്ക് അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.