ദുബൈ: യു.എ.ഇ ആതിഥ്യമരുളുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ (കോപ്28) പങ്കെടുക്കുന്ന ഒരോ വ്യക്തിക്കുംവേണ്ടി 10 കണ്ടൽ ചെടികൾ വീതം നടും. അബൂദബിയിലാണ് പരിസ്ഥിതി വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുക. ഏകദേശം 80,000 പേർ ഉച്ചകോടിയിൽ കാലാവസ്ഥ സംബന്ധിച്ച സംവാദങ്ങൾക്കും സമ്മേളനങ്ങൾക്കും വേണ്ടിയെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതനുസരിച്ച് എട്ടു ലക്ഷം കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കും. ദുബൈ എക്സ്പോ സിറ്റിയിൽ നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് കോപ് നടക്കുന്നത്. ഈ വർഷം അവസാനത്തിൽ ശൈത്യകാലത്താണ് ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
ഈ സമയം കണ്ടൽചെടികൾ വളർത്താൻ യോജിച്ച സമയമാണ്. ഇതിനായി ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. മറാവ മറൈൻ ബയോസ്ഫിയർ റിസർവ്, അൽ മിർഫ സിറ്റി, ജുബൈൽ ഐലൻഡ് എന്നിവിടങ്ങളിലാണ് ചെടികൾ വെച്ചുപിടിപ്പിക്കുക. യു.എ.ഇയുടെ സുസ്ഥിരത വർഷത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും നാഷനൽ നെറ്റ് സീറോ 2050 പദ്ധതിയുടെ ഭാഗമായി 10 കോടി കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്നും പരിസ്ഥിതി അതോറിറ്റി സെക്രട്ടറി ജനറൽ ഡോ. ശൈഖ സാലിം അൽ ദാഹിരി പറഞ്ഞു. 2021ൽ ഗ്ലാസ്ഗോയിൽ നടന്ന കോപ് 26 ഉച്ചകോടിയിലാണ് 10 കോടി കണ്ടൽ ചെടികൾ നടുന്നത് പ്രഖ്യാപിച്ചത്. കണ്ടൽ വന സംരക്ഷണത്തിനൊപ്പം കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനും അവയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും പദ്ധതി ഉപകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
യു.എ.ഇയിൽ നിരവധി പ്രദേശങ്ങളിൽ കണ്ടൽ വനങ്ങൾ നിലവിൽ തന്നെ സംരക്ഷിച്ച് വളർത്തുന്നുണ്ട്. ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇക്കോ ടൂറിസം ശക്തിപ്പെടുത്തുന്നതിനും കണ്ടൽവനങ്ങൾ സഹായിക്കുന്നുണ്ട്. അജ്മാനിലെ അൽ സോറ സിറ്റിയിലും പ്രകൃതിദത്ത കണ്ടൽ വനത്തിന്റെ വിസ്തൃതി ഇരട്ടിയാക്കാൻ പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.