ദുബൈ: വീണുകിട്ടിയ ഇടവേളയിൽ പരിശീലനത്തിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുൻ ചാമ്പ്യന്മാരായ ലിവർപൂൾ ടീം ദുബൈയിലെത്തും. ഖത്തർ ലോകകപ്പ് നടക്കുന്ന സമയത്താണ് ടീം അംഗങ്ങൾ ദുബൈയിലെത്തുന്നത്. ലോകകപ്പ് കളിക്കുന്ന താരങ്ങൾ ഒഴികെയുള്ളവരുണ്ടാകും. ഈജിപ്ത് യോഗ്യത നേടാത്തതിനാൽ സൂപ്പർതാരം മുഹമ്മദ് സലാഹ് ഉൾപ്പെടെയുള്ളവർ ദുബൈയിലെത്തും. കോച്ച് യുർഗൻ ക്ലോപ്പിന്റെ നേതൃത്വത്തിൽ പത്തംഗ സംഘമായിരിക്കും പരിശീലനത്തിനിറങ്ങുക. ഡിസംബറിലാണ് ടീം എത്തുന്നത്. ലോകകപ്പ് നടക്കുന്നതിനാൽ ഈ സമയത്ത് പ്രീമിയർ ലീഗിന് ഇടവേളയായിരിക്കും.
വിവിധ രാജ്യങ്ങളിലെ ഗ്രൗണ്ടുകൾ പരിശീലനത്തിനായി പരിഗണിച്ചെങ്കിലും ദുബൈയെ തിരഞ്ഞെടുക്കുകയായിരുന്നു. ലോകകപ്പ് നടക്കുന്ന ഖത്തറിനോട് ഏറ്റവും അടുത്ത നഗരം എന്നതുകൂടി പരിഗണിച്ചാണ് ദുബൈക്ക് നറുക്കുവീണത്. കഴിഞ്ഞ സീസണിൽ കൈയെത്തുംദൂരത്താണ് ലിവർപൂളിന് കപ്പ് നഷ്ടമായത്. 92 പോയന്റ് നേടിയ ലിവർപൂളിനെ ഒരു പോയന്റിന്റെ വ്യത്യാസത്തിൽ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി കപ്പുയർത്തുകയായിരുന്നു. ഇത്രയേറെ സമ്മർദവും മത്സരവുമുള്ള പ്രീമിയർ ലീഗിൽ ഇക്കുറി കപ്പടിക്കണമെങ്കിൽ നിരന്തര പരിശീലനം വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലോകകപ്പിന്റെ ഇടവേളയിലും ലഭ്യമായ താരങ്ങളെ ഉപയോഗിച്ച് പരിശീലനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.