ജി.ഡി.ആർ.എഫ്.എയുടെ ഫോർ ദി വേൾഡ് പദ്ധതിയുടെ ഭാഗമായി ജപ്പാൻ സ്വദേശി യാനി തകാഷി എയർപോർട്ടിൽ സന്ദർശനം നടത്തുന്നു
ദുബൈ: വിവിധ രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും പരിചയപ്പെടുത്തുന്നതിനായി ‘ ഫോർ ദി വേൾഡ്’ എന്ന സംരംഭം ആരംഭിച്ചതായി ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. ദുബൈയിലുള്ള കര-നാവിക-വ്യാമ അതിർത്തികളിൽ ജോലി ചെയ്യുന്ന മുൻനിര ജീവനക്കാർക്ക് ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും മനസ്സിലാക്കി നൽകുന്നതിന്റെ ഭാഗമായാണ് പദ്ധതി.
ദുബൈയിലൂടെയുള്ള യാത്രക്കാരെ കൂടുതൽ അടുപ്പിക്കുകയും പരസ്പര ധാരണ വർധിപ്പിക്കുകയുമാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ അതിഥിയായി ജപ്പാൻ സ്വദേശി യാനി തകാഷി ദുബൈ എയർപോർട്ടിലെ പാസ്പോർട്ട് നിയന്ത്രണ ഏരിയകളും ജി.ഡി.ആർ.എഫ്.എയുടെ കാര്യാലയവും സന്ദർശിച്ചു.
ജപ്പാൻ സംസ്കാരത്തിന്റെ പ്രതീകമായ പരമ്പരാഗത കിമോനോ ധരിച്ചാണ് അദ്ദേഹം എത്തിയത്. ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി തകാഷിയെ സ്വീകരിച്ച് ദുബൈ വിമാനത്താവളത്തിലെ പാസ്പോർട്ട് ഓഫിസർമാരുമായി കൂടിക്കാഴ്ച നടത്തി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളെ പരമ്പരാഗത വസ്ത്രങ്ങൾ അണിയിച്ചുകൊണ്ട് അതിർത്തികളിലെ മുൻനിര ജീവനക്കാർക്ക് സന്ദർശകരുടെ രാജ്യത്തെ സാംസ്കാരിക പ്രത്യേകതകളെക്കുറിച്ച് സംരംഭത്തിലൂടെ പരിചയപ്പെടുത്തും. അതോടൊപ്പം കുടുംബ ബന്ധങ്ങളുടെയും മാതാപിതാക്കളുടെ മൂല്യം കുട്ടികളെ പരിചയപ്പെടുത്തുന്നതിനുമായി ‘മാതാപിതാക്കൾക്കൊപ്പം ഒരു ദിവസം’ എന്ന പദ്ധതി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇതുപ്രകാരം ജീവനക്കാരുടെ കുട്ടികളെ അവരുടെ മാതാപിതാക്കളുടെ ജോലിസ്ഥലത്ത് ഒരു ദിവസം ചെലവഴിക്കാൻ അനുവദിക്കും. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന മാതാപിതാക്കളോടൊപ്പം കുട്ടികൾക്ക് അവസരം ലഭിക്കും.
മാതാപിതാക്കളുടെ ജോലിയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.