ദുബൈ: ദുബൈ ക്രീക്ക് ഹാർബർ നിവാസികളുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി രണ്ട് ജലഗതാഗത ലൈനുകൾകൂടി വികസിപ്പിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). പ്രമുഖ നിർമാതാക്കളായ ഇമാർ പ്രോപ്പർട്ടീസുമായി സഹകരിച്ചാണ് പുതിയ പാതകൾ വികസിപ്പിച്ചത്. ദുബൈ ക്രീക്ക് ഹാർബറിനും ദുബൈ ഫെസ്റ്റിവൽ സിറ്റിക്കും ഇടയിലാണ് ആദ്യ ലൈൻ.
വാരാന്ത്യ ദിനങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ രാത്രി 11.55 വരെയാണ് സർവിസ്. അൽ ജദ്ദാഫ് മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനെയും അൽ ഖോർ മെട്രോ സ്റ്റേഷനെയും ദുബൈ ക്രീക്ക് ഹാർബറുമായി ബന്ധിപ്പിക്കുന്നതാണ് രണ്ടാമത്തെ ലൈൻ.
തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 7.30 മുതൽ 10.50 വരെയും വൈകീട്ട് നാലുമുതൽ രാത്രി 10.50 വരെയുമാണ് ഈ റൂട്ടിൽ സർവിസ്. ഓരോ സ്റ്റോപ്പിനും രണ്ട് ദിർഹമാണ് ടിക്കറ്റ് നിരക്ക്. എമിറേറ്റിലെ വിനോദ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ രണ്ട് ലൈനുകളുടെയും രൂപകൽപന.
ദുബൈയിലെ വിനോദകേന്ദ്രങ്ങൾ, പാർപ്പിട മേഖലകൾ എന്നിവ നവീകരിക്കുന്നതിനും വാട്ടർഫ്രണ്ട് കമ്യൂണിറ്റികൾക്കും മറ്റ് വികസന പദ്ധതികൾക്കും ഗതാഗത സേവനങ്ങൾ കാര്യക്ഷമായി നൽകുന്നതിനുമായി ആർ.ടി.എയും ഇമാർ പ്രോപ്പർട്ടീസും തമ്മിൽ ഒപ്പുവെച്ച സഹകരണ കരാറിനെതുടർന്നാണ് പുതിയ ലൈനുകൾ വികസിപ്പിച്ചത്.
ആർ.ടി.എയുടെ പൊതുഗതാഗത ഏജൻസി സി.ഇ.ഒ അഹമ്മദ് ബഹ്റൂസിയനും ഇമാർ പ്രോപ്പർട്ടീസ് എക്സിക്യൂട്ടിവ് ബോർഡ് അംഗം അഹമ്മദ് അൽ മത്രൂഷിയുമാണ് കരാറിൽ ഒപ്പുവെച്ചത്. പൊതുജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ പദ്ധതി വൻ വിജയമാണെന്ന് അഹമ്മദ് ബഹ്റൂസിയാൻ പറഞ്ഞു.
2022 ആഗസ്റ്റിൽ ലൈനുകൾ വികസിപ്പിക്കുമ്പോൾ പ്രതിമാസം ശരാശരി 3,000 യാത്രക്കാർക്കാണ് സേവനം നൽകിയിരുന്നത്. ഇപ്പോഴത് പ്രതിമാസം 30,000 ആയി വർധിച്ചു. 900 ശതമാനമാണ് വർധന. ഇമാർ പ്രോപ്പർട്ടീസുമായുള്ള സഹകരണത്തിന്റെ ഫലമായി വ്യത്യസ്തമായ മറൈനുകളെ ഉൾക്കൊള്ളാൻ കൂടുതൽ ബർത്തുകൾ നിർമിച്ച് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ടിക്കറ്റ് വിൽപനക്കായി കിയോസ്കുകളും അനുവദിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ സംതൃപ്തി വർധിപ്പിക്കാനും സാധിച്ചു. മറൈൻ സേവനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് www.rta.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ആർ.ടി.എയുടെ സ്മാർട്ട് ആപ് ഉപയോഗിക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.