ദുബൈ: 38 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ദുബൈ മുഹസിനക്കാരുടെ പ്രിയങ്കരൻ മനാഫ്ക്ക ഇരിങ്ങാലക്കുടയിലേക്ക് മടങ്ങുന്നു. 1986 ആഗസ്റ്റ് 23ന് ബോംബെ വഴി ഫ്രീ വിസയിലാണ് ലാബ് ടെക്നീഷ്യൻ ആയി ദുബൈയിൽ എത്തിയത്. രണ്ട് വർഷം ലാബ് ടെക്നീഷ്യനായും ആറു വർഷം പ്രതിരോധ വകുപ്പിലും ജോലി ചെയ്തു. ശേഷം 30 വർഷമായി ദുബൈ എയർ വിങ്ങിലായിരുന്നു. മുഹൈസിയിലെ ഒട്ടുമിക്ക ജീവകാരുണ്യ പ്രവർത്തനങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചാരിതാർഥ്യത്തോടെയാണ് അദ്ദേഹത്തിന്റെ മടക്കം. സമസൃഷ്ടികളുടെ കണ്ണീരൊപ്പാനും അവശത അനുഭവിക്കുന്ന ജനങ്ങളോട് ചേർന്നുനിൽക്കാനും ഈ കാലയളവിൽ കഴിഞ്ഞതായി അദ്ദേഹം ഓർക്കുന്നു. കോവിഡ് കാലത്തു പ്രയാസം അനുഭവിക്കുന്ന ജനങ്ങളെ സേവിക്കുന്നതിനായി രൂപം കൊണ്ട ഇരിങ്ങാലക്കുടക്കാരുടെ പ്രാദേശിക കൂട്ടായ്മ ആയ ‘കെ.എൽ-45’ന്റെ സജീവ പ്രവർത്തകനും രൂപവത്കരണത്തിൽ നേതൃപരമായ പങ്കും വഹിച്ചയാളാണ്. കൂട്ടായ്മയുടെ കോർ കമ്മിറ്റിയംഗം എന്നനിലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ചുക്കാൻ പിടിച്ചു. യു.എ.ഇയുടെ വളർച്ചയിൽ നേർസാക്ഷിയായ അപൂർവം വ്യക്തികളിൽ ഒരാളാണ്. ദുബൈ ഭരണാധികാരികളോടുള്ള കടപ്പാടും സ്നേഹവും വാക്കുകൾക്കതീതമാണെന്ന് മനാഫ് പറഞ്ഞു. ജോലിത്തിരക്കിനിടക്ക് മറ്റുള്ളവരുടെ പ്രശ്നങ്ങൾ കൂടി കാണുകയും ഏറ്റെടുക്കുകയും അതിന്റെ മുന്നിൽ തന്നെ നിൽക്കാനുമുള്ള മനസ്സ് എല്ലാ പ്രവാസികൾക്കും വേണമെന്നും അദ്ദേഹം വ്യക്തമാക്കി. മക്കൾക്ക് പരമാവധി നല്ല വിദ്യാഭ്യാസവും ജീവിതവും നൽകാൻ കഴിഞ്ഞത് ദൈവാനുഗ്രഹമായി അദ്ദേഹം കാണുന്നു.
ഭാര്യ: സീനത്ത്. മക്കളായ അൽത്താഫ്, അസീം, അംന എന്നിവർ ഏറെ കാലം കൂടെ ഉണ്ടായിരുന്നു. മൂത്ത മകൻ അൽത്താഫും മരുമകൾ ഹന്നയും ദുബൈയിൽ ഉണ്ട്. മറ്റുള്ളവർ നാട്ടിൽ ജോലി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.