ദുബൈ: കോവിഡിനെ തുടർന്ന് നിർത്തിവെച്ച നാല് ഇന്റർസിറ്റി ബസ് സർവിസ് പുനരാരംഭിക്കാൻ ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) തീരുമാനിച്ചു. ഇതിന് പുറമെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനിൽനിന്ന് ദുബൈ സ്പോർട്സ് സിറ്റിയിലേക്ക് പുതിയ ബസ് സർവിസ് തുടങ്ങാനും തീരുമാനമായി. എല്ലാ സർവിസുകളും വ്യാഴാഴ്ച തുടങ്ങും.
അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് അബൂദബിയിലേക്ക് (ഇ 100), അൽ ഗുബൈബയിൽനിന്ന് അൽഐനിലേക്ക് (ഇ 201), ഇത്തിസലാത്ത് മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജ മുവൈലയിലേക്ക് (ഇ 315), ഇത്തിഹാദ് ബസ് സ്റ്റേഷനിൽ നിന്ന് ഫുജൈറയിലേക്ക് (ഇ 700) എന്നിവയാണ് സർവിസ്.
ജുമൈറ ഗോൾഫ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനിൽനിന്ന് ദുബൈ സ്പോർട്സ് സിറ്റിയിലേക്ക് എഫ് 38 ബസാണ് സർവിസ് നടത്തുന്നത്. ദുബൈ പ്രൊഡക്ഷൻ സിറ്റിയിലൂടെയാണ് ഈ ബസ് സർവിസ് നടത്തുക. രാവിലെ ആറു മുതൽ രാത്രി 12.30 വരെ ഓരോ 20 മിനിറ്റിലും സർവിസ് നടത്തും.
ചില സർവിസുകളുടെ റൂട്ട് മാറ്റവും ആർ.ടി.എ പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രാഗൺ മാർട്ടിലേക്കുള്ള റൂട്ട്-50 ബസുകൾ ഇനി മുതൽ ഇന്റർനാഷനൽ സിറ്റി ബസ് സ്റ്റേഷനിലും പ്രവേശിക്കും. എൻ-30 ബസും ഇന്റർനാഷനൽ സിറ്റി ബസ് സ്റ്റേഷനിലെത്തും. ഡി03, ഡി03എ എന്നിവ ലയിപ്പിച്ച് ഡി 03 ആക്കും. റൂട്ട് 367 ബസുകൾ സ്കൂൾ ഓഫ് റിസർച് സയൻസിന് മുന്നിലൂടെയും കടന്നുപോകും.
വിവിധഭാഗങ്ങളിലേക്ക് ബസ് സർവിസുകൾ വ്യാപിപ്പിക്കാനുള്ള അപേക്ഷകളും നിർദേശങ്ങളും ലഭിക്കുന്നുണ്ടെന്നും പഠനശേഷം സർക്കാർ-അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കൂടുതൽ മേഖലകളിലേക്ക് സർവിസ് വ്യാപിപ്പിക്കുമെന്നും ആർ.ടി.എ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ആദിൽ ഷാകെരി അറിയിച്ചു.
കോവിഡ് കാലത്തിനു മുമ്പേ സർവിസ് നടത്തിയിരുന്ന ബസുകൾ പുനരാരംഭിക്കുന്നത് യാത്രക്കാർക്ക് അനുഗ്രഹമാണ്. ഇത് നിർത്തിയതോടെ യാത്രക്കാർ ദുരിതത്തിലായിരുന്നു. അൽഐൻ - ഷാർജ റൂട്ടിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതുമുതൽ ഷാർജയുടെ ബസ് സർവിസ് നടത്തുന്നുണ്ട്. ദുബൈ യാത്രക്കാർ അൽഐനിലെത്താൻ ഈ ബസിനെയാണ് ആശ്രയിച്ചിരുന്നത്.
ദുബൈ എക്സ്പോ കാലയളവിൽ എക്സ്പോ നഗരിയിലേക്കും തിരിച്ചും മറ്റ് എമിറേറ്റുകളിൽനിന്ന് സർവിസ് നടത്തിയിരുന്നതായിരുന്നു മറ്റൊരു ആശ്വാസം. എന്നാൽ, എക്സ്പോ കഴിഞ്ഞതോടെ ഈ സർവിസുകളും നിർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.