അബൂദബി: അബൂദബി ഓഹരി വിപണിയുടെ ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്. ഇത്തരക്കാരുടെ വഞ്ചനയിൽ കുടുങ്ങരുതെന്നും, ജാഗ്രത പാലിക്കണമെന്നും അബൂദബി സെക്യൂരിറ്റി എക്സ്ചേഞ്ച് സർക്കുലറിൽ അറിയിച്ചു. നിക്ഷേപം തേടി തങ്ങൾ നേരിട്ട് പൊതുജനങ്ങളെ സമീപിക്കാറില്ലെന്നും എ.ഡി.എക്സ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥരാണെന്നും പ്രതിനിധികളാണെന്നും അവകാശപ്പെട്ട് പലർക്കും ഇ-മെയിൽ സന്ദേശങ്ങൾ ലഭിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
സോഷ്യൽ മീഡിയയിലും ഇത്തരക്കാർ സജീവമാണ്. സെക്യൂരിറ്റി മാർക്കറ്റിന്റെ ലോഗോയും മറ്റ് രേഖകളും വ്യാജമായി ഉപയോഗിച്ചാണ് ഇവരുടെ തട്ടിപ്പ്. നിക്ഷേപകരുടെ പാസ്വേഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്താനും, ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് പണം തട്ടാനുമാണ് ഇവർ ശ്രമിക്കുന്നത്. നിക്ഷേപം ആവശ്യപ്പെട്ട് അബൂദബി സെക്യൂരിറ്റി മാർക്കറ്റ് പൊതുജനങ്ങളെ നേരിട്ട് ബന്ധപ്പെടാറില്ല. നിക്ഷേപം ആകർഷിക്കാൻ ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇത്തരം ഇ-മെയിലുകൾ ലഭിച്ചാൽ അറിയിക്കണമെന്നും, വ്യാജ വാഗ്ദാനങ്ങളിൽ കുടുങ്ങരുതെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.