ദുബൈ: ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നവംബർ 10 ഞായറാഴ്ച നടക്കുന്ന ദുബൈ റൈഡിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് കരീം ബൈക്സ്. റൈഡിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എന്നാൽ സൈക്കിളുകൾ സ്വന്തമായി കൈയിലില്ലാത്തവർക്ക് അന്നേ ദിവസം സൗജന്യമായി സൈക്കിളുകൾ നൽകും.
ദുബൈ നഗരത്തിലെത്തുന്ന സഞ്ചാരികൾക്കും താമസക്കാർക്കുമെല്ലാം ബൈക്കുകൾ വാടകക്ക് നൽകുന്ന കരീം ബൈക്സ് ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സൗജന്യ ഓഫറിലൂടെ.
ഡി.ആർ 24 എന്ന കോഡ് ഉപയോഗിച്ച് ദുബൈ റൈഡിനുള്ള കരീം ബൈക്കുകളുടെ ഏകദിന പാസ് കരസ്ഥമാക്കാം. കരീം ബൈക്കിന്റെ രണ്ട് പോപ്-അപ് സ്റ്റേഷനുകളിലാണ് ഇതിനായി സൗകര്യമൊരുക്കിയിരിക്കുന്നത്. തുടർച്ചയായി മൂന്നാം വർഷമാണ് കരീം സൈക്ലിങ് ഇവന്റിനായി ആർ.ടി.എയുമായി സഹകരിക്കുന്നത്.
മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ-ട്രേഡ് സെന്റർ സെന്റർ സ്റ്റേഷനിലെ എൻട്രൻസ് എയിലും ഫിനാൻഷ്യൽ സെന്റർ റോഡിലെ എൻട്രൻസ് ഇയിലുമാണ് ഈ രണ്ട് പോപ്-അപ് സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് ബൈക്കുകൾ ലഭ്യമാവുക.
ഏറ്റവും വലിയ കമ്യൂണിറ്റി സൈക്ലിങ് ഇവന്റുകളിലൊന്നായ ദുബൈ റൈഡിന്റെ അഞ്ചാം പതിപ്പാണ് നവംബർ 10ന് നടക്കുന്നത്. പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും റൈഡിന്റെ ഭാഗമാകാം.
റൈഡിനായി പ്രത്യേകം സജ്ജീകരിച്ച റൂട്ടുകൾ രാവിലെ അഞ്ചു മണിക്ക് തന്നെ പൊതുജനങ്ങൾക്കായി തുറന്ന് നൽകും. രാവിലെ 6.15 മുതൽ എട്ടു മണി വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.