അബൂദബി: വേനല്‍ കടുത്തതോടെ എമിറേറ്റിലെ ഇന്‍ഡോര്‍ വിനോദ കേന്ദ്രങ്ങളില്‍ തിരക്കേറി. വേനലവധി ദിനങ്ങളിൽ കുട്ടികളുമായി കുടുംബങ്ങള്‍ കൂടുതലായും എത്തുന്നത് ഇന്‍ഡോര്‍ ആഘോഷ പരിപാടികള്‍ക്കാണ്. ലോകത്തിലെ ഏറ്റവും വലിയ സ്നോ പാര്‍ക്കുകളിലൊന്നായ സ്നോ പാര്‍ക്ക് അബൂദബിയിലേക്ക് നിരവധി പേരാണ് എത്തുന്നത്. ഇരുപതിലേറെ റൈഡുകളാണ് പാര്‍ക്കിലുള്ളത്. പാര്‍ക്കിലെ ശൈത്യത്തിലേക്കെത്തുന്ന ഏതു പ്രായക്കാര്‍ക്കുമുള്ള വസ്ത്രങ്ങള്‍ പാര്‍ക്കില്‍ കരുതിയിട്ടുണ്ട്. ഞായര്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയും വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് സ്നോ പാര്‍ക്കിന്റെ പ്രവര്‍ത്തനം.
വേനലവധി ആഘോഷമാക്കാന്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സെപ്റ്റംബര്‍ 30 വരെ സൗജന്യ പ്രവേശനം ഒരുക്കിയിട്ടുണ്ട് യാസ് ഐലന്‍ഡ്. കുട്ടികള്‍ക്കായി മിറാല്‍ ഡെസ്റ്റിനേഷനും ഒട്ടേറെ പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്. യാസ് ഐലന്‍ഡിന്റെ വെബ്സൈറ്റില്‍ കുട്ടികളുടെ പാക്കേജുകള്‍ ലഭ്യമാണ്. ഡബ്ല്യു അബൂദബി യാസ് ഐലന്‍ഡ്, ക്രൗണ്‍ പ്ലാസ അബൂദബി യാസ് ഐലന്‍ഡ്, ദ ഡബ്ല്യു.ബി അബൂദബി ക്യുരിയോ കലക്ഷന്‍ ബൈ ഹില്‍ട്ടണ്‍ എന്നീ ഹോട്ടലുകള്‍ കുട്ടികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവുമാണ് ഒരുക്കിയത്.
യാസ് ഐലന്‍ഡിലെ തീം പാര്‍ക്കുകളിലും കുട്ടികള്‍ക്ക് സൗജന്യമായി സമയം ചെലവിടാം. ഫെറാരി വേള്‍ഡ് അബൂദബിയിലും യാസ് മറീന സര്‍ക്യൂട്ടിലും കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. സൗജന്യ ബസ് സര്‍വിസ് സേവനവും ലഭ്യമാണ്.
ഒട്ടേറെ ജലവിനോദങ്ങളും റസ്റ്റാറന്റുകളുമുള്ള യാസ് ബീച്ചിലും 11 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് 60 ദിര്‍ഹവും വെള്ളി, ശനി ദിവസങ്ങളിലും അവധി ദിനങ്ങളിലും മുതിര്‍ന്നവര്‍ക്ക് 120 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. യാസ് ബീച്ചിലെ ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ക്ക് ബീച്ചിലെ പ്രവേശനം സൗജന്യമാണ്.
സന്ദര്‍ശകരെ കടലിന്റെ അടിയില്‍ കൊണ്ടുപോയി കാണിക്കുന്ന അബൂദബിയിലെ മെഗാ തീം പാര്‍ക്കായ സീ വേള്‍ഡ് അബൂദബിയിലും തിരക്കേറുന്നുണ്ട്. ജീവികളുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥക്ക് സമാനമാണ് അബൂദബി സീവേള്‍ഡില്‍ സജ്ജമാക്കുന്നത്. ഭൂമിയിലെ ജീവിതം സമുദ്രത്തിലെ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് സീവേള്‍ഡ് അബൂദബി വരച്ചുകാട്ടുന്നുണ്ട്.
യാസ് സീവേള്‍ഡ് റിസര്‍ച് ആന്‍ഡ് റെസ്ക്യൂ അബൂദബിയെന്ന പേരില്‍ സമുദ്ര ശാസ്ത്ര ഗവേഷണത്തിനു മാത്രമായൊരു കേന്ദ്രവും യാസ് ഐലന്‍ഡിലുണ്ട്. സമുദ്ര വന്യജീവിതത്തെക്കുറിച്ചും ആവാസ വ്യവസ്ഥയെക്കുറിച്ചും പരിസ്ഥിതി വ്യവസ്ഥയെക്കുറിച്ചുമെല്ലാം പൊതുജനങ്ങളെ ഉദ്ബോധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. വേനലവധിക്കൊപ്പം പെരുന്നാൾ അവധി ദിവസങ്ങളുംകൂടി എത്തിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടങ്ങളിലെല്ലാം തിരക്ക് വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.