ദുബൈ: ബൈക്ക് ഡെലിവറി റൈഡേഴ്സിന് സൗജന്യ ആരോഗ്യ പരിശോധന പദ്ധതിയുമായി ദുബൈ ഹെൽത്ത് കെയർ സിറ്റി (ഡി.എച്ച്.സി.സി). ഡെലിവറി റൈഡേഴ്സിന്റെ ജീവിത നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ‘ദ റൈഡേഴ്സ് കോർണർ’ എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലമൻസിയ മെഡിക്കൽ സെന്റർ, മൂർഫീൽഡ്സ് ഐ ഹോസ്പിറ്റൽ ദുബൈ, അൽ മനാര ഫാർമസി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ആരോഗ്യ പരിശോധന, കണ്ണ് പരിശോധന എന്നിവക്കൊപ്പം സൗജന്യമായി വൈറ്റമിൻ ഫുഡ് സപ്ലിമെന്റ്സും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.
വിവിധ സേവനങ്ങൾക്കും സൗജന്യമായി കുടിവെള്ളം ഉപയോഗിക്കുന്നതിനും മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനും തൊഴിലാളികൾക്ക് ഡി.എച്ച്.സി.സിയുടെ ബിൽഡിങ് 64ലെ അൽ റാസി മെഡിക്കൽ കോംപ്ലക്സിലേക്ക് വിളിക്കാം. അതോടൊപ്പം വാഹനങ്ങൾക്ക് ഇന്ധനം നിറക്കൽ, വിശ്രമം, ഭക്ഷണം, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നീ സേവനങ്ങൾ ഉൾപ്പെടുത്തി മൂന്ന് വിശ്രമ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ശൈഖ് സായിദ് റോഡിൽ ജബൽ അലി വില്ലേജിൽ ഫെസ്റ്റിവൽ പ്ലാസക്ക് സമീപം, അൽ മുബാറക് സ്ട്രീറ്റ് 22ന് അടുത്തുള്ള പോർട്ട് സഈദ്, അൽ മനാമ സ്ട്രീറ്റിന് സമീപമുള്ള അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലാണ് വിശ്രമ സൗകര്യം ഒരുക്കിയിട്ടുള്ളത്.
പദ്ധതി ആരംഭിച്ച ശേഷം 50ലധികം തൊഴിലാളികൾ ഇതിനകം സേവനം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഡി.എച്ച്.സി.സി അധികൃതർ അറിയിച്ചു. വേനലോടെ ഇത് നൂറിലധികമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021നെ അപേക്ഷിച്ച് 2022ൽ ദുബൈയിൽ സർവിസ് നടത്തുന്ന ഡെലിവറി കമ്പനികളുടെ എണ്ണം 50 ശതമാനം ഉയർന്നതായാണ് കണക്ക്. ദുബൈയിൽ അതിവേഗം വളരുന്ന മേഖലയാണ് ഡെലിവറി രംഗം. അതേസമയം, മോശം ആരോഗ്യവും ക്ഷീണവും മൂലം റോഡപകടങ്ങളിൽപെടുന്ന റൈഡേഴ്സിന്റെ എണ്ണവും കൂടുതലാണ്. പുതിയ ആരോഗ്യ പദ്ധതി വഴി ഇതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.