അബൂദബി: അബൂദബി പൊലീസും അഡ്നോക് ഡിസ്ട്രിബ്യൂഷനും ചേർന്ന് വേനൽക്കാലത്ത് ഭാരംകുറഞ്ഞ വാഹനങ്ങൾക്കായി സൗജന്യ പരിശോധന സേവനത്തിന് തുടക്കം കുറിച്ചു. അഡ്നോക്കിന്റെ വിതരണ സർവിസ്, വാഹന പരിശോധന കേന്ദ്രങ്ങളിലായി 12 ഇടങ്ങളിലാവും പരിശോധനകൾ ലഭ്യമാക്കുക.
എൻജിൻ ഓയിൽ, ബ്രേക്ക് ഫ്ലൂയിഡ്, എയർ ഫിൽട്ടർ തുടങ്ങിയവയാണ് പരിശോധനക്ക് വിധേയമാക്കുക. വേനൽക്കാലത്ത് ഡ്രൈവർമാരുടെയും റോഡിലെ മറ്റ് യാത്രികരുടെയും സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. അബൂദബി പൊലീസും അഡ്നോക്കും ചേർന്ന് സഞ്ചരിക്കുന്ന വാഹന പരിശോധന കേന്ദ്രവും പ്രവർത്തിപ്പിച്ചു വരുന്നുണ്ട്.
എമിറേറ്റില്‍ രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് കേന്ദ്രത്തിന്റെ സേവനം ലഭ്യമാവുക. കമ്പനികള്‍ക്ക് 400 ദിര്‍ഹവും വ്യക്തികള്‍ക്ക് 200 ദിര്‍ഹവുമാണ് കേന്ദ്രത്തിന്റെ സേവനത്തിന് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
800300 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് സേവനം അഭ്യര്‍ഥിക്കാം. സേവനം അഭ്യര്‍ഥിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണം ലഭിക്കുമെന്നും ഇതിലൂടെ ആളുകള്‍ക്ക് സമയലാഭമുണ്ടാകുമെന്നും ബ്രിഗേഡിയര്‍ ജനറല്‍ അല്‍ അമീരി പറഞ്ഞു.
സമൂഹത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും അവര്‍ക്ക് അന്താരാഷ്ട്രനിലവാരത്തിലുള്ള സേവനം ലഭ്യമാക്കുന്നതിനും യു.എ.ഇ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് അബൂദബി പൊലീസുമായി സഹകരിച്ച് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ സി.ഇ.ഒ. എന്‍ജിനീയര്‍ അല്‍ ലംകി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.