ദുബൈ: യു.എ.ഇയുടെ സുവർണജൂബിലി ദേശീയദിനം പ്രമാണിച്ച് അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. ദർബ് ടോളിലും വാഹനങ്ങൾക്ക് സൗജന്യമായി കടന്നുപോകാവുന്നതാണെന്ന് അബൂദബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അറിയിച്ചു. ഡിസംബർ ഒന്ന് ബുധനാഴ്ച പുലർച്ചെ 12 മുതൽ ശനിയാഴ്ച രാവിലെ 7.59വരെ മഫാഖിഫിന് കീഴിലുള്ള പാർക്കിങ് ബേകളിലും ഫീസ് സൗജന്യമായിരിക്കുമെന്ന് ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ പ്രസ്താവനയിൽ പറഞ്ഞു. മുസഫ ഇൻഡസ്ട്രിയൽ മേഖലയിലെ എം-18 പാർക്കിങ് സ്ലോട്ടിലും ഈ സമയങ്ങളിൽ പാർക്കിങ് ഫീസ് ഉണ്ടാവുകയില്ല. അതേസമയം, നിഷ്കർഷിച്ചിട്ടില്ലാത്ത ഇടങ്ങളിൽ പാർക്കിങ് പാടില്ല.
ബുധനാഴ്ച രാവിലെ മുതലാണ് ദർബ് ടോളിൽ വാഹനങ്ങൾക്ക് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. ദുബൈയിൽ മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾ ഒഴികെ പൊതു പാർക്കിങ് ബുധനാഴ്ച മുതൽ വെള്ളിയാഴ്ചവരെ സൗജന്യമായിരിക്കും. ഷാർജയിൽ ചില മേഖലകൾ ഒഴിച്ച് ബാക്കിയിടങ്ങളിൽ പാർക്കിങ് സൗജന്യമായിരിക്കും. ഡിസംബർ ഒന്ന്, രണ്ട് ദിവസങ്ങളിലായിരിക്കും ആനുകൂല്യം. അൽ മജാസ്, കോർണീഷ് റോഡ്, സെൻട്രൽസൂക്, പക്ഷിമാർക്കറ്റ്, ബാങ്ക് സ്ട്രീറ്റ് തുടങ്ങിയ ഇടങ്ങളിൽ പാർക്കിങ് സൗജന്യമായിരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.