ദുബൈ: കാലപ്പഴക്കംചെന്ന വിദേശ വാഹനങ്ങൾക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് കർശനമാക്കിയതോടെ ചരക്കു വാഹനങ്ങളുൾപ്പെടെയുള്ളവ അതിർത്തിയിൽ കുടുങ്ങി. യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള മലയാളികളുടെ വാഹനങ്ങളും അതിർത്തിയിൽ കുടുങ്ങി. നിയന്ത്രണങ്ങളെ കുറിച്ചറിയാതെ എത്തിയവർക്കാണ് നിരാശയോടെ മടങ്ങേണ്ടിവന്നത്. ഏപ്രിൽ നാലു മുതൽ നിയമം പ്രാബല്യത്തിൽ വന്നെങ്കിലും കഴിഞ്ഞദിവസം മുതൽ കർശനമായി നടപ്പാക്കിയതോടെയാണ് വാഹനങ്ങൾ കുടുങ്ങിയത്.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് സൗദി പൊതുഗതാഗത അതോറിറ്റി കാലപ്പഴക്കംചെന്ന വാഹനങ്ങൾക്ക് കരാതിർത്തി വഴിയുള്ള പ്രവേശനത്തിന് വിലക്കേർപ്പെടുത്തിയത്. 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ട്രക്കുകളും അഞ്ചു വർഷത്തിൽ കൂടുതൽ പഴക്കമുള്ള ടാക്സി, പത്തു വർഷത്തിലേറെ പഴക്കമുള്ള ബസുകൾ തുടങ്ങിയവക്കാണ് വിലക്ക്.
ദുബൈയിൽനിന്ന് പുറപ്പെട്ട 2002നു മുമ്പ് മോഡലുള്ള ട്രക്കുകൾ ചരക്കുമായി ദുബൈ-സൗദി അതിർത്തിയിൽ കുടുങ്ങിയതായി ദുബൈയിലെ വെസ്റ്റേൺ എക്സ്പ്രസ് ഡയറക്ടർ എ.കെ. ഖലീൽ പറഞ്ഞു. ഈ വാഹനങ്ങൾ ചൊവ്വാഴ്ച രാത്രിയോടെ തിരിച്ചുവന്നു. ബത്ത അതിർത്തിയിലാണ് വാഹനങ്ങൾ തടഞ്ഞത്. പുതിയ മോഡൽ വാഹനങ്ങൾ മാർക്കറ്റിൽ കുറവാണെന്നും ചരക്കുനീക്കത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ രാജ്യങ്ങളിലേക്ക് സർവിസ് നടത്തുന്ന ട്രക്കുകളിൽ നല്ലൊരു ശതമാനവും 2000ത്തിനു മുമ്പ് നിർമിച്ചവയാണ്. പുതിയ വാഹനത്തിന് വൻ വിലയായതിനാൽ മലയാളികൾ അടക്കമുള്ളവർ പഴയ വാഹനങ്ങളാണ് വാങ്ങുന്നത്. ഇവയുടെ പ്രവേശനം വിലക്കിയതോടെ സംരംഭകർ പ്രതിസന്ധിയിലായി. ട്രാൻസ്പോർട്ട് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഇത് വൻ തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.