ഷാര്‍ജ: 38ാമത് പാരിസ് അന്താരാഷ്ട്ര പുസ്തകമേളയില്‍ തനത് കലകള്‍ കൊണ്ടും അറബ്, യു.എ.ഇ എഴുത്തുകാരെ നിരത്തിയും ശ്രദ്ധാകേന്ദ്രമായ ഷാര്‍ജയുടെ പവലിയനില്‍ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവല്‍ മക്രോണ്‍ സന്ദര്‍ശനത്തിനെത്തി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി അദ്ദേഹത്തിന് വരവേല്‍പ്പു നല്‍കി. അറബ് മേഖലയുടെ സാംസ്കാരിക തലസ്ഥാനവും 2019ലെ ലോക പുസ്തക തലസ്ഥാന പദവിയും അലങ്കരിക്കുന്ന ഷാര്‍ജയുടെ പവലിയനില്‍ സുല്‍ത്താനോടൊപ്പം ചുറ്റി നടന്ന മാക്രോണ്‍ യു.എ.ഇയുടെ സാംസ്കാരിക അടയാളങ്ങള്‍ ശ്രദ്ധയോടെ കാണുകയും വിശദമായി ചോദിച്ചറിയുകയും ചെയ്തു. പ്രസാധനം, വിവര്‍ത്തനം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ലോകത്തിലെ സാഹിത്യ, സാംസ്കാരിക മേഖലകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഷാര്‍ജയുടെ മുന്നേറ്റത്തെ മാക്രോണ്‍ പ്രശംസിച്ചു. സുല്‍ത്താന്‍ രചിച്ച നിരവധി ഗ്രന്ഥങ്ങള്‍ ഫ്രഞ്ചിലേക്ക് മൊഴിമാറ്റും.
പാരിസ് നഗരത്തെ കൈയിലെടുത്തിരിക്കുകയാണ് യു.എ.ഇ കലാകാരന്‍മാര്‍. തിരക്ക് പിടിച്ച നിരത്തുകളില്‍ പരമ്പരാഗത വാദ്യഘോഷങ്ങളുമായി നീങ്ങുന്ന കലാകാരന്‍മാര്‍ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കി ഫ്രഞ്ച് ജനതയും കൂടെയുണ്ട്. ഷാര്‍ജ ഭരണാധികാരിയുടെ പത്നിയും സുപ്രിം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫേഴ്സ് ചെയര്‍പേഴ്സണുമായ ശൈഖ ജവാഹര്‍ ബിന്‍ത് മുഹമ്മദ് ആല്‍ ഖാസിമി, എമിറേറ്റ്സ് പബ്ളിഷേഴ്സ് അസോസിയേഷന്‍ സ്ഥാപകയും സി.ഇ.ഒയുമായ ശൈഖ ബൂതൂര്‍ ബിന്‍ത് സുല്‍ത്താന്‍ ആല്‍ ഖാസിമി, ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് ആല്‍ അംറി തുടങ്ങിയവരുടെ സാന്നിധ്യവും ഷാര്‍ജ പവലിയനിലുണ്ട്. ചര്‍ച്ചകളും സെമിനാറുകളും നടക്കുന്നു. അറബ്, ഇസ്ലാമിക കലകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. മേള 19ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.