ദുബൈ: റമദാനിൽ യു.എ.ഇ ഫെഡറൽ സർക്കാറിന് കീഴിലെ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഇളവനുവദിച്ചത്. ഉത്തരവ് പ്രകാരം ജീവനക്കാരിൽ 70 ശതമാനത്തിനും ഇളവ് ലഭിക്കും. എന്നാൽ, ബാക്കിയുള്ളവർ ഓഫിസിലെത്തിത്തന്നെ ജോലി നിർവഹിക്കേണ്ടിവരും. അതോടൊപ്പം പൊതുവിദ്യാലയങ്ങളിലെയും സർവകലാശാലകളിലെയും വിദ്യാർഥികൾക്കും സമാന ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
വിദൂര പഠനമായിരിക്കും വെള്ളിയാഴ്ചകളിൽ ഇവർക്ക് ഏർപ്പെടുത്തുക. എന്നാൽ, നേരത്തേ നിശ്ചയിച്ച പരീക്ഷകളെ ഇത് ബാധിക്കില്ല. റമദാനിൽ ഫെഡറൽ മന്ത്രാലയങ്ങളും അതോറിറ്റികളും പ്രയാസരഹിതമായ പ്രവൃത്തിസമയ ക്രമീകരണം കൊണ്ടുവരണമെന്ന് നേരത്തേ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്.എ.എച്ച്.ആർ) നിർദേശിച്ചിരുന്നു. മന്ത്രാലയങ്ങളിലും ഫെഡറൽ സ്ഥാപനങ്ങളിലും പ്രവൃത്തിസമയം രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് 2.30 വരെ ആയിരിക്കുമെന്നും എഫ്.എ.എച്ച്.ആർ സർക്കുലർവഴി അറിയിച്ചിരുന്നു.
എന്നാൽ, ജോലിയുടെ സ്വഭാവം ആവശ്യപ്പെടുന്നുവെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യാമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങൾക്ക് പ്രവൃത്തിസമയം നിയമാനുസൃതമായി മാറ്റംവരുത്താനുള്ള അനുമതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.