ദുബൈ: യു.എ.ഇയിലെ ചില വിഭാഗങ്ങളിൽപെട്ട ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോമിന് അനുമതി. ജോലിസ്ഥലത്തുനിന്ന് വളരെ അകലെ താമസിക്കുന്നവർക്കുൾപ്പെടെയാണ് വിദൂര ജോലി നിർദേശിച്ചത്.
ഇന്നുമുതൽ വെള്ളിയാഴ്ചകൾ പ്രവൃത്തി ദിനമാക്കുന്ന പശ്ചാത്തലത്തിലാണ് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ് നിർദേശം പുറപ്പെടുവിച്ചത്. അതേസമയം, 70 ശതമാനം ഫെഡറൽ സർക്കാർ ജീവനക്കാരും ഇന്ന് മുതൽ വെള്ളിയാഴ്ചകളിൽ ഓഫിസിലെത്തും.
പുതിയ പ്രവൃത്തി ദിനങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ജോലിക്കാർക്കുള്ള നിർദേശം പുറത്തിറക്കി. ഡിപ്പാർട്ട്മെന്റ് ഡയറക്ടറുമായും ജോലിസ്ഥലത്തെ എച്ച്.ആർ ഡിപ്പാർട്ട്മെന്റുമായും ഏകോപിപ്പിച്ചായിരിക്കണം വർക്ക് ഫ്രം ഹോം തീരുമാനിക്കേണ്ടത്.
മാനേജറുടെ അനുമതി തേടണം. ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിന് ആവശ്യമായ ജീവനക്കാർ ഓഫിസിലുണ്ട് എന്ന് ഉറപ്പാക്കണം. ഓരോ ഓഫിസിലും 70 ശതമാനത്തിൽ കുറയാത്ത ജീവനക്കാർ നേരിട്ട് ഹാജരാകണം. വിദൂരമായി ചെയ്യാവുന്ന ജോലികൾ ഏതൊക്കെയാണെന്ന് സ്ഥാപനം തിരഞ്ഞെടുക്കണം. ജോലി സ്ഥലത്തുനിന്ന് വളരെ അകലെ താമസിക്കുന്നവർക്ക് മുൻഗണന നൽകണമെന്നും നിർദേശത്തിൽ പറയുന്നു.
ഉച്ചക്ക് 12 വരെയായിരിക്കും ജോലിസമയം. സ്കൂളുകൾ ഭൂരിപക്ഷവും രാവിലെ 11.30ഓടെ അടക്കും. ഷാർജയിൽ വെള്ളിയാഴ്ച പൂർണ അവധിയായതിനാൽ ഇതൊന്നും എമിറേറ്റിനെ ബാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.