ദുബൈ: യു.എ.ഇയിൽ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയെ അടിസ്ഥാനമാക്കി ഇന്ധനവില നിർണയ സമിതിയാണ് ശനിയാഴ്ച വില പുതുക്കിയത്. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ വില പ്രാബല്യത്തിലാവും. പെട്രോളിന് 15 ഫിൽസും ഡീസലിന് 17 ഫിൽസും വില കുറഞ്ഞിട്ടുണ്ട്.
സൂപ്പർ 98 പെട്രോൾ വില 3.05 ദിർഹമിൽ നിന്ന് 2.90 ആയി കുറഞ്ഞു. സ്പെഷൽ 95 പെട്രോളിന് 2.93 ദിർഹമിൽനിന്ന് 2.78 ദിർഹമായാണ് കുറഞ്ഞത്. ഇപ്ലസ് വിഭാഗം പെട്രോളിന് 2.71 ദിർഹമാണ് വില. ആഗസ്റ്റിൽ 2.86 ദിർഹമായിരുന്നു. ഡീസൽ വില 2.95 ദിർഹമിൽ നിന്ന് 2.78 ആയും കുറഞ്ഞിട്ടുണ്ട്.
ഒരു ഇടവേളക്ക് ശേഷം ആദ്യമായാണ് രാജ്യത്ത് ഇന്ധനവില കുറക്കുന്നത്. കഴിഞ്ഞ രണ്ട് മാസവും ഇന്ധനവില കൂടിയിരുന്നു. അതേസമയം, പെട്രോളിനും ഡീസലിനും വില കുറഞ്ഞ സാഹചര്യത്തിൽ ഓരോ എമിറേറ്റുകളിലും ടാക്സി നിരക്കുകളിലും ആനുപാതികമായ കുറവ് വരും.
കൂടാതെ വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലകുറയാനും കാരണമാകും എന്നതിനാൽ വാഹനയുടമകൾ മാത്രമല്ല സാധാരണക്കാരും ആശ്വാസത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.