മനോഹരമായ പ്രകൃതി ഭംഗി വേണ്ടുവോളം ആസ്വദിണമെങ്കില് ഫുജൈറയിലേക്ക് വരിക. ഫുജൈറ അല്‍ ഹൈല്‍ ഫോര്‍ട്ടും പരിസര പ്രദേശങ്ങളിലെ അരുവികളും അതിമനോഹരമായ കാഴ്ച തന്നെയാണ്. കിലോമീറ്ററുകളോളം മലനിരകള്‍ക്കിടയിലൂടെയുള്ള യാത്ര തന്നെ കൗതുകമുളവാക്കുന്നതാണ്. ഫുജൈറ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ സന്ദര്‍ശന സ്ഥലങ്ങളാണ് ഫുജൈറയിലെ കോട്ടകള്‍, ബിദിയ പള്ളി എന്നിവ. ഫുജൈറ, ബിത്ന, സിക്കംക്കം, ഔഹല എന്നീ സ്ഥലങ്ങളിലാണ് ഇവിടത്തെ പ്രധാന കോട്ടകള്‍ ഉള്ളത്.
ഏകദേശം 250 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ഈ കോട്ടകള്‍ അന്നത്തെ നാട്ടു പ്രമാണിമാരുടെ താമസ സ്ഥലവും കടല്‍ മാര്‍ഗ്ഗവും മറ്റും കടന്നുവരുന്ന ശത്രുക്കളെ നിരീക്ഷിക്കുവാനും പ്രതിരോധിക്കുവാനുമുള്ള കേന്ദ്രങ്ങളും കൂടിയായിരുന്നു. കല്ല്, ചരല്, കളിമണ്ണ്, പുല്ല്, ഈന്തപ്പന ഓല, ജിപ്സം എന്നിവ ഉപയോഗിച്ചാണ് ഇത്തരം കോട്ടകള്‍ നിരിമിച്ചിട്ടുള്ളത്. ഈ പൈതൃകത്തിന്റെ സംരക്ഷണത്തിനും നവീകരണത്തിനും ഫുജൈറ പുരാവസ്തു പൈതൃക വകുപ്പ് വന്‍ പ്രാധാന്യമാണ് നല്‍കുന്നത്.
ഫുജൈറ കോട്ട, ബിദിയ പള്ളി എന്നീ സ്ഥലങ്ങള്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കാര്‍ ഉണ്ടെങ്കിലും അല്‍ ഹൈല്‍ കോട്ട അധിക പേരുടെയും ശ്രദ്ധയില്‍പെടാറില്ല. ഫുജൈറയില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ തെക്ക് പടിഞ്ഞാറ് മാറി അല്‍ ഹൈല്‍ എന്ന ഗ്രാമത്തിലാണ് അല്‍ ഹൈല്‍ കോട്ട സ്ഥിതി ചെയ്യുന്നത്. താഴ്വരയില് നിന്ന് ഏകദേശം 40 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഈ കോട്ട 1830ല്‍ നിൾമിക്കപെട്ടതാണ്. ഗ്രാമത്തിന്റെ നാലു ഭാഗത്തേക്കും വീക്ഷിക്കാവുന്ന രീതിയില്‍ രണ്ടു നിലയോടു കൂടിയ ഈ കോട്ടക്ക് തന്ത്ര പരമായ സ്ഥാനമാണുണ്ടായിരുന്നത്.
ഇതിനോടു ചേര്‍ന്ന് ശൈഖ് അബ്ദുള്ള ബിന്‍ ഹംദാന്‍ അല്‍ ശര്‍ഖി പണി കഴിപ്പിച്ച കിടപ്പു മുറി, അടുക്കള, സ്റ്റോർ റൂം, നമസ്ക്കാര മുറി എന്നിവയോടു കൂടിയ വലിയ വീടും തലയുയര്‍ത്തി നില്ക്കുന്നു. തൊട്ടടുത്ത് തന്നെ ഗ്രാമ വാസികള്‍ക്ക് പ്രാര്‍ഥിക്കാന്‍ പള്ളിയും ഉണ്ട്. വന്‍ മലകളാലും താഴ്വരകളാലും ഈന്തപ്പന തോട്ടങ്ങളാലും ചുറ്റപെട്ടു നില്ക്കുന്ന അല്‍ ഹൈല്‍ കോട്ട സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമായിരിക്കും നല്‍കുക.
നാട്ടിലെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുന്ന അനുഭൂതിയാണ് അനുഭവപ്പെടുക. റോഡിനോടു ചേര്‍ന്ന വീടുകളും പെട്ടികട പോലത്തെ ഗ്രോസറിയും കടന്നുള്ള യാത്ര കുറച്ചു സമയത്തേക്ക് നമ്മെ ഗ്രാമത്തിലേക്ക് കൊണ്ടുപോകും. നാട്ടിലേതു പോലത്തെ ഇലക്ട്രിക് പോസ്റ്റുകളും വളവും തിരിവും കയറ്റവുമുള്ള ഒറ്റവരി പാത ചെന്നെത്തുന്നത് ഡാമിലേക്ക്. ഇവിടെ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ കോട്ടയില്‍ എത്താം. മലമുകളില്‍നിന്ന് താഴെക്കുള്ള കൃഷി തോട്ടങ്ങളിലെക്കും ഈന്തപ്പന തോട്ടങ്ങളിലെക്കുമുള്ള കാഴ്ച ക്യാമറകളില്‍ എത്ര പകര്‍ത്തിയാലും മതിവരില്ല. തെരുവു വിളക്കില്ലാത്തതും വീതി കുറഞ്ഞുതുമായ റോഡായതിനാല്‍ സൂര്യാസ്ത്തമയത്തോടെ അവിടെ നിന്ന് തിരിച്ചു പോരാവുന്ന രീതിയില്‍ യാത്ര പ്ലാന്‍ ചെയ്യുന്നത് നന്നായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.