ദുബൈ: ഈ വർഷം അവസാനത്തോടെ ഏഴ് വിമാനങ്ങൾ പുതുതായി ലഭിക്കുമെന്നും 130ലധികം പുതിയ പൈലറ്റുമാരെ നിയമിക്കുമെന്നും ഫ്ലൈ ദുബൈ. എമിറേറ്റിൽനിന്ന് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സഹായകരമായ ഫ്ലൈദുബൈ, പുതിയ വിമാനങ്ങൾ സ്വന്തമാക്കുന്നത് യാത്ര നെറ്റ്വർക്കിന്റെ വിപുലീകരണത്തിന് സഹായിക്കുന്നതാണ്. നിലവിൽ 140 രാജ്യക്കാരായ 5800ലധികം ജീവനക്കാർ ഫ്ലൈദുബൈയിൽ ജോലി ചെയ്യുന്നതായും ഇവരിൽ 1200ലധികം പേർ പൈലറ്റുമാരാണെന്നും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഗൈഥ് അൽ ഗൈഥ് പറഞ്ഞു.
ഈ വർഷം എയർലൈൻ 440ലധികം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആറു ശതമാനം വളർച്ചയാണിത്. കൂടുതൽ യോഗ്യതയുള്ള ഉദ്യോഗസ്ഥരെയും പ്രതിഭകളെയും ടീമിലേക്ക് ചേർക്കുന്നതിനും കമ്പനിയുടെ വളർച്ചയെ സഹായിക്കുന്നതിനുമായി റിക്രൂട്ട്മെന്റ് കാമ്പയിൻ നടന്നുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈയിൽ നിന്ന് 58 രാജ്യങ്ങളിലെ 125ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒരു ശൃംഖല ഫ്ലൈദുബൈ രൂപപ്പെടുത്തിയിട്ടുണ്ട്. 88 ബോയിങ് 737 വിമാനങ്ങളാണ് കമ്പനിക്കുവേണ്ടി പറക്കുന്നത്. യുവ ഇമാറാത്തി പ്രതിഭകളെ ആകർഷിക്കുന്നതിനും വിവിധ വകുപ്പുകളിൽ അവരെ അനുയോജ്യമായ പദവികളിൽ ഉൾപ്പെടുത്തി എമിറേറ്റൈസേഷൻ ശ്രമങ്ങൾ വർധിപ്പിക്കുന്നതിനും ശ്രമിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.