ദുബൈ: മണ്ണടിഞ്ഞ ഭൂതകാലത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്താൻ അത്യന്താധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താൻ ദുബൈ. റിമോട്ട് സെൻസിങ് സാറ്റലൈറ്റുകൾ അടക്കം സംവിധാനങ്ങൾ ഉപയോഗിച്ച് പുരാവസ്തു ഗവേഷണത്തിന് എമിറേറ്റിലെ സാംസ്കാരിക വകുപ്പായ ‘ദുബൈ കൾചറും’ ഖലീഫ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും കരാറിലെത്തി. നവീന സാങ്കേതികവിദ്യകളും വൈദഗ്ധ്യവും കരാറനുസരിച്ച് പരസ്പരം പങ്കുവെക്കും. മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന ഘടനകളും ശവകുടീരങ്ങളും മറ്റു അവശിഷ്ടങ്ങളും കണ്ടെത്താൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എമിറേറ്റിലെ പ്രധാനപ്പെട്ട പുരാവസ്തു മേഖലകളായ സാരൂഖ് അൽ ഹദീദ്, അൽ അശൂഷ് എന്നിവിടങ്ങളിലാണ് പുതിയ രീതികൾ പ്രയോഗിക്കുക. ഖലീഫ യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച ജിയോ ഫിസിക്കൽ സർവേ രീതികളും ഉപയോഗപ്പെടുത്തും.
എമിറേറ്റും മറ്റു നാഗരികതകളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഗവേഷകർക്ക് ദുബൈയിലെ പുരാവസ്തു കേന്ദ്രങ്ങൾ അറിവിന്റെ സമ്പന്നമായ ഉറവിടങ്ങളാണെന്ന് ദുബൈ കൾചറിലെ സാംസ്കാരിക, പൈതൃക വിഭാഗം സി.ഇ.ഒ മുന ഫൈസൽ അൽഗർഗ് പറഞ്ഞു. ഈ പ്രദേശങ്ങളിലെ സർവേകളും ഉത്ഖനന പ്രവർത്തനങ്ങളും നിരവധി മികവുറ്റ കണ്ടെത്തലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ദുബൈയുടെ പുരാതന ചരിത്രവും പുരാവസ്തുക്കളുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഒരു പ്രധാന ഉറവിടമാണിത്. എമിറേറ്റിലെ പുരാവസ്തു ഗവേഷണത്തിലെ സുപ്രധാന ചുവടുവെപ്പാണ് ഖലീഫ യൂനിവേഴ്സിറ്റിയുമായുള്ള ധാരണപത്രം -അവർ കൂട്ടിച്ചേർത്തു. ഖലീഫ യൂനിവേഴ്സിറ്റി പോലുള്ള അക്കാദമിക് സ്ഥാപനവുമായി സഹകരിക്കുന്നത് സാരൂഖ് അൽ ഹദീദ്, അൽ അശൂഷ് സൈറ്റുകളുടെ സമ്പന്നമായ ചരിത്രം അനാവരണം ചെയ്യാനുള്ള ശ്രമങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. പുരാതന പുരാവസ്തു വിജ്ഞാനങ്ങളുടെ ശാസ്ത്രീയ പര്യവേക്ഷണവും ഗവേഷണവും വിപുലീകരിക്കുന്നതിന് ദുബൈ കൾചറുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഖലീഫ യൂനിവേഴ്സിറ്റി എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ. ആരിഫ് സുൽത്താൻ അൽ ഹമ്മാദി പറഞ്ഞു.
ഇന്റലിജന്റ് സിസ്റ്റംസ്, മെഷീൻ ലേണിങ്, റിമോട്ട് സെൻസിങ് എന്നിവയിലെ യൂനിവേഴ്സിറ്റിയുടെ വൈദഗ്ധ്യവും പുരാവസ്തു ഗവേഷണവുമായി ബന്ധപ്പെട്ട മേഖലകളെക്കുറിച്ചുള്ള ദുബൈ കൾചറിന്റെ ആഴത്തിലുള്ള ധാരണയും സംയോജിപ്പിച്ച് രാജ്യത്തിന്റെ പൈതൃക സംരക്ഷണത്തിനും പ്രോത്സാഹനത്തിനും സംഭാവന നൽകുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.