അൽഐൻ: കഴിഞ്ഞ അഞ്ചുമാസത്തിലേറെയായി അൽഐൻ ബുർജിൽ ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന താനൂർ പനങ്ങാട്ടൂർ സ്വദേശി ശിഹാബിനെ (29) വെള്ളിയാഴ്ച നാട്ടിലെത്തിച്ചു. അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ജോലി ചെയ്തിരുന്ന കഫത്തീരിയയിൽ വെച്ച് നെഞ്ചുവേദനയെ തുടർന്നാണ് ശിഹാബ് അടുത്ത ഹോസ്പിറ്റലിൽ പോകുന്നത്.
ഇവിടെ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ സി.പി.ആർ കൊടുത്തതോടെ ജീവൻ തിരിച്ചുകിട്ടിയെങ്കിലും തലച്ചോറിന്റെ പ്രവർത്തനം 70 ശതമാനത്തിലധികം നിലച്ച് കോമയിലേക്ക് പോകുകയായിരുന്നു. വിദഗ്ധ ചികിത്സക്ക് അൽഐൻ ബുർജിൽ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ നിരീക്ഷണത്തിലായിരുന്നു യുവാവ്.
സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് 29കാരനായ ശിഹാബ്. തന്റെ സമ്പാദ്യം ചേർത്തുവെച്ച് മൂന്ന് സെന്റ് സ്ഥലം വാങ്ങുകയും വീടു പണി തുടങ്ങുകയും ചെയ്തിരുന്നു. നിലവിൽ വാടകവീട്ടിൽ താമസിച്ചിരുന്ന കുടുംബത്തെ സുരക്ഷിതമായ ഒരു വീട്ടിലേക്ക് മാറ്റണമെന്ന് അതിയായ ആഗ്രഹം ബാക്കിനിലനിൽക്കെയാണ് ശിഹാബിന് ഈ ദുർവിധി വന്നത്.
ശിഹാബിന്റെ അവസ്ഥ മനസ്സിലാക്കിയ സുമനസ്സുകൾ ചേർന്ന് വീടിന്റെ ബാക്കി പണികൾ തീർത്തിട്ടുണ്ട്. ഈ മാസം ശിഹാബിന്റെ വിസ കാലാവധി അവസാനിക്കുകയും ഇൻഷുറൻസ് പരിരക്ഷ ഇല്ലാതാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തുടർ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചതെന്ന് പി.സി.എഫ് അൽഐൻ കമ്മിറ്റി അംഗങ്ങളായ ഇസ്മായിലും സലാം നന്നമ്പ്രയും പറഞ്ഞു. നാട്ടിലെ തുടർചികിത്സക്ക് വലിയ തുക ആവശ്യമായതിനാൽ അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.