ദുബൈ: ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിലെ സുപ്രധാന കൂടിക്കാഴ്ചക്കിടെ ലോകനേതാക്കൾക്ക് മുന്നിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് നന്ദിയറിയിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരടക്കം പങ്കെടുത്ത ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി സംബന്ധിച്ച പ്രഖ്യാപനത്തിനിടെയാണ് ബൈഡൻ പ്രത്യേക നന്ദിയറിയിച്ചത്.
ശൈഖ് മുഹമ്മദ് ഇല്ലായിരുന്നെങ്കിൽ ഇത്തരമൊരു കൂടിയിരുത്തവും പദ്ധതിയുടെ പ്രഖ്യാപനവും ഉണ്ടാകുമായിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചത്.
മൂന്ന് വട്ടം ആവർത്തിച്ച് നന്ദി പറയുന്ന വിഡിയോയിൽ മറ്റു ലോകനേതാക്കൾ കൈയടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നതും കാണാം. സമൂഹമാധ്യമങ്ങളിൽ ഏറെ പേർ വിഡിയോ പങ്കുവെച്ചിട്ടുമുണ്ട്.
ന്യൂഡൽഹിയിൽ സമാപിച്ച ഉച്ചകോടിയിൽ വിവിധ ലോക രാഷ്ട്ര നേതാക്കളുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ-യു.എ.ഇ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചിരുന്നു.
പ്രസിഡൻറ് പദവിയിലെത്തിയശേഷം ആദ്യമായാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇന്ത്യയിൽ വരുന്നത്. ജൂലൈയിൽ നരേന്ദ്ര മോദി യു.എ.ഇയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സമഗ്ര സാമ്പത്തിക സഹകരണ കരാർ(സെപ) ഒപ്പുവെച്ച ശേഷം ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര-നയതന്ത്ര തലത്തിൽ ബന്ധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.