അബൂദബി: ജി20 ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ച ഇന്ത്യക്ക് അഭിനന്ദനമറിയിച്ച് യു.എ.ഇ സഹമന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യമറിയിച്ചത്. പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തെ ഒരുമിപ്പിക്കുന്നതിൽ ഇന്ത്യ കൈവരിച്ച വിജയത്തെ മന്ത്രി പ്രത്യേകം പരാമർശിച്ചു.
കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച നടന്നു. സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലടക്കം സഹകരിക്കാവുന്ന വിവിധ രംഗങ്ങളെക്കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച നടന്നതായി യു.എ.ഇ വാർത്ത ഏജൻസി ‘വാം’ റിപ്പോർട്ട് ചെയ്തു. ഇന്ത്യയും യു.എ.ഇയും തമ്മിലെ പങ്കാളിത്തം കഴിഞ്ഞ വർഷങ്ങളിലായി വിവിധ മേഖലകളിൽ ശക്തിപ്പെട്ടതായി നൂറ അൽ കഅബി പറഞ്ഞു. സാംസ്കാരികം, പുനരുപയോഗ ഊർജം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ശാസ്ത്രം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളുടെ കാഴ്ചപ്പാടിനനുസരിച്ച് ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചതായും അവർ കൂട്ടിച്ചേർത്തു. ജി20 ഉച്ചകോടിയിൽ അതിഥി രാജ്യമായി ക്ഷണിക്കപ്പെട്ട യു.എ.ഇയുടെ പ്രതിനിധി സംഘത്തെ നയിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ന്യൂഡൽഹിയിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വിവിധ ലോക നേതാക്കളുമായി യു.എ.ഇ സംഘം കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.