ദുബൈ: ഇന്ത്യ ആതിഥ്യമരുളുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ന്യൂഡൽഹിയിലെത്തി. ഉച്ചകോടിയിൽ അതിഥി രാജ്യമായാണ് യു.എ.ഇ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച രാത്രിയോടെ ന്യൂഡൽഹിയിൽ എത്തിയ ശൈഖ് മുഹമ്മദിനെ കേന്ദ്രമന്ത്രിയടക്കം ഉന്നത പ്രതിനിധിസംഘമാണ് സ്വീകരിച്ചത്. പ്രസിഡന്റ് പദവിയിലെത്തിയശേഷം അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കം വിവിധ ലോക നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ബഹുകക്ഷി, ഉഭയകക്ഷി ചർച്ചകളിൽ ശൈഖ് മുഹമ്മദ് പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രത്യേക ചർച്ചയും നടക്കുമെന്ന് ചില ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുസ്ഥിര വികസനം, കാലാവസ്ഥ നടപടികൾ, സന്തുലിത സാമ്പത്തിക വളർച്ച തുടങ്ങിയ വിഷയങ്ങളിൽ അന്താരാഷ്ട്ര പങ്കാളികളുമായി പുരോഗമനപരമായ ചർച്ചകൾക്ക് യു.എ.ഇ പ്രതിനിധിസംഘം മുൻകൈയെടുക്കുമെന്ന് യു.എ.ഇ വാർത്ത ഏജൻസി അറിയിച്ചു.
‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന ജി20 ഉച്ചകോടി കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ചക്കെടുക്കുന്നുണ്ട്.ആഗോള ജി.ഡി.പിയുടെ 85 ശതമാനവും ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും പ്രതിനിധാനം ചെയ്യുന്ന വികസിത, വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി20. ഈ വർഷം ആഗോള കാലാവസ്ഥ ഉച്ചകോടിയുടെ (കോപ്28) ആതിഥേയരെന്ന നിലയിൽ, ആഗോള കാലാവസ്ഥ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ ജി20 ഉച്ചകോടിയിലും യു.എ.ഇ മുന്നോട്ടുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉച്ചകോടിക്കു മുന്നോടിയായി സംഘടിപ്പിക്കപ്പെട്ട വിവിധ മന്ത്രിതല യോഗങ്ങളിൽ വികസനം, പൊതു നയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, നിയമനിർമാണം എന്നിവയുമായി ബന്ധപ്പെട്ട് യു.എ.ഇ പ്രതിനിധികൾ അവതരണങ്ങൾ നടത്തിയിരുന്നു. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിൻത് ഇബ്രാഹീം അൽ ഹാഷിമി, കോപ്28 നിയുക്ത പ്രസിഡന്റും വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയുമായ ഡോ. സുൽത്താൻ അൽ ജാബിർ തുടങ്ങിയ പ്രമുഖർ ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ പ്രതിനിധി സംഘത്തിൽ ഇന്ത്യയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.