എന്താണ് പിത്താശയ കല്ല്?
പിത്തസഞ്ചിയില്‍ (Gall bladder) രൂപം കൊള്ളുന്ന കല്ലുകളെയാണ് പിത്താശയ കല്ലുകള്‍ ( Cholelithiasis/Gallstones) എന്നു പറയുന്നത്. പിത്തസഞ്ചിയിലെ പിത്തരസം കട്ടിയായി ക്രമേണ ചെറിയ കല്ലുകളുടെ രൂപത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്.
എന്താണ് പിത്തസഞ്ചി?
കരളിന്റെ അടിഭാഗത്തായി സ്ഥിതിചെയ്യുന്ന, ഏകദേശം 4-5 ഇഞ്ച് വലുപ്പമുള്ള ഒരു ചെറിയ സഞ്ചി രൂപത്തില്‍ ഉള്ള അവയവം ആണ് പിത്താശയം. ഇതു ദഹനരസമായ പിത്തരസത്തെ പിത്തനാളിയിലൂടെ ചെറുകുടലിലേക്ക് എത്തിക്കുന്നു. പിത്തരസം കൊഴുപ്പ് അടങ്ങിയ ഭക്ഷണത്തിന്റെ ദഹനത്തിനു സഹായിക്കുന്നു. ഇത് കരള്‍ നിർമിക്കുകയും പിന്നീട് പിത്തസഞ്ചിയില്‍ കേന്ദ്രീകരിച്ചു സൂക്ഷിക്കുകയും ചെയ്യുന്നു. നമ്മള് ഭക്ഷണം കഴിച്ചതിനുശേഷം, ദഹനപ്രക്രിയക്കുവേണ്ടി പിത്താശയത്തില്‍നിന്ന് പിത്തരസം ചെറുകുടലിലേക്ക് എത്തുന്നു.
പിത്താശയ കല്ലുകള്‍ ഉണ്ടാകാനുള്ള
കാരണങ്ങള്‍ എന്തൊക്കെയാണ്?
പിത്തരസം ഉണ്ടാക്കുന്ന വസ്തുക്കളിൽ (കൊളസ്ട്രോൾ, ബിലുറുബിൻ, പിത്തരസലവണങ്ങൾ) എന്നിവ ക്രമാതീതമായി കുറയുന്നതോ കൂടുന്നതോ പിത്താശയ കല്ലിന് കാരണങ്ങളാവുന്നു. ഇതിൽ കൂടുതലും ഉയർന്ന അളവിലെ കൊളസ്ട്രോൾ മൂലമുണ്ടാകുന്ന കല്ലുകളാണ്.
ഗർഭിണികളിൽ കൂടുതലായി കാണുന്നതെന്തുകൊണ്ട് ?
പൊതുവെ സ്ത്രീകളിൽ പിത്തസഞ്ചിയിലെ കല്ലുകൾ പുരുഷന്മാരേക്കാൾ കൂടുതലായി കാണപ്പെടുന്നു. സ്ത്രീകളിലുള്ള ഈസ്ട്രജൻ, പ്രജൊസ്ട്രോൺ ഹോർമോൺ ഇതിൽ പ്രധാന പങ്കുവഹിക്കുന്നു. ഈസ്ട്രജൻ, കൊളസ്ട്രോൾ വർധിപ്പിക്കുകയും പ്രൊജസ്ട്രോൺ പിത്തരസത്തിന്റെ കുടലിലേക്കുള്ള ഒഴുക്ക് മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഇത് പിത്തരസ സ്തംഭനത്തിനു കരണമാക്കുന്നതിലൂടെ കല്ലുകളുടെ രൂപവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നു. തൽഫലമായി അഞ്ചു ശതമാനം മുതൽ എട്ടു ശതമാനം വരെ സ്ത്രീകൾക്ക് ഗർഭാവസ്ഥയിൽ പിത്തസഞ്ചിയിലെ ചളിയോ (sludge), കല്ലുകളോ ഉണ്ടാകാൻ കാരണമാകും. ഇതിനുപുറമെ അമിതവണ്ണവും മറ്റൊരു കാരണമാണ്.
എന്തെല്ലാമാണ് രോഗലക്ഷണങ്ങൾ
ഗർഭാവസ്ഥയിൽ പിത്തസഞ്ചിയിൽ കല്ലുള്ള ആളുകൾക്ക് ഗർഭാവസ്ഥയിൽ അല്ലാത്തവരുടേതിന് സമാനമായ ലക്ഷണങ്ങൾ തന്നെയാണ്. ഓക്കാനവും ഛർദിയും വയറിന്റെ വലതുഭാഗത്തോ മധ്യഭാഗത്തോ വേദന (ബിലിയറി കോളിക്) പ്രത്യേകിച്ചും കൊഴുപ്പടങ്ങിയ ഭക്ഷണശേഷം തോന്നുന്ന വേദന, ഇവയാണ് പ്രധാന ലക്ഷണങ്ങൾ. എല്ലാ സ്ത്രീകളിലും ഗർഭാവസ്ഥയിൽ മുകളിൽ സൂചിപ്പിച്ച എല്ലാ ലക്ഷണങ്ങളും ഉണ്ടായിക്കൊള്ളണമെന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. വാസ്തവത്തിൽ ചിലർക്ക് ഒരു ലക്ഷണവും ഉണ്ടാകാറുമില്ല (silent gallstones). എന്നാൽ, മറ്റു ചിലരിൽ മുകളിൽ പറഞ്ഞവ കൂടാതെ പനി, മഞ്ഞപ്പിത്തം എന്നിവയും ഉണ്ടാകാറുണ്ട്.
ചികിത്സ
രോഗലക്ഷണങ്ങൾ കാണുന്നവരിൽ വയറിന്റെ അൾട്രാസൗണ്ട് സ്കാൻ വഴി രോഗം സ്ഥിരീകരിക്കുന്നു. ഗർഭകാലത്തും സുരക്ഷിതമായ ഈ രീതി തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ, സങ്കീർണമായ പിത്തസഞ്ചിരോഗങ്ങളിൽ (പിത്തരസ ട്യൂബിൽ കല്ലുകൾ /പിത്തരസ കുഴലുകളുടെ അണുബാധ / പിത്തസഞ്ചിയിലെ കല്ലു കാരണം പാൻക്രിയാസിൽ വീക്കവും വേദനയും) എന്നിവയിൽ കൂടുതൽ ടെസ്റ്റുകൾ നടത്തേണ്ടതായി വരാറുണ്ട്.
താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ പിത്തസഞ്ചി നീക്കം ചെയ്യുന്നതാണ് പിത്തസഞ്ചിയിലെ കല്ലുകൾക്കുള്ള കൃത്യമായ ചികിത്സ. പിത്തസഞ്ചി നീക്കം ചെയ്യുന്നത് ഗുരുതരമായ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നില്ല. പിത്തസഞ്ചി ഇല്ലാതെ കരൾ പിത്തരസം ഉണ്ടാക്കുന്നത് തുടരും.
കഴിവതും ഗർഭകാലത്തെ നാലുമുതൽ ആറുമാസം വരെയുള്ള കാലയളവിൽ (സെക്കൻഡ് ട്രൈമസ്റ്ററിൽ) ആണ് ശസ്ത്രക്രിയ ചെയ്യാറ്. എന്നിരുന്നാലും ഗുരുതരമായ സങ്കീർണതകൾക്ക് മാസം പരിഗണിക്കാതെ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്.
പിത്തസഞ്ചിയിലെ കല്ലുകൾ പിത്തരസത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയോ പാൻക്രിയാസ് വീക്കം ഉണ്ടാക്കുകയോ ചെയ്യുന്നുവെങ്കിൽ, നാളി തടസ്സം ലഘൂകരിക്കുന്നതിനും വീക്കം കുറക്കുന്നതിനും (ERCP) എന്ന ഒരു നടപടിക്രമം കൂടെ നടത്തേണ്ടി വന്നേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.