ദുബൈ: ദുബൈയിലെ കറാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച തലശ്ശേരി ടെമ്പിൾഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ചൊവ്വാഴ്ച വൈകീട്ടോടെ മൃതദേഹം എംബാം ചെയ്യുന്ന നടപടികൾ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവർത്തകർ പൂർത്തിയാക്കി. രാത്രിയോടെ മൃതദേഹം എയർ ഇന്ത്യയുടെ വിമാനത്തിൽ കോഴിക്കോട്ടേക്ക് അയക്കുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് നിധിൻദാസ് മരിച്ചത്. സന്ദർശക വിസയിൽ ദുബൈയിലെത്തിയ നിധിന് മരണത്തിന്റെ ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ജോലി ലഭിച്ചത്. അപകടത്തിൽ മരിച്ച മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച അർധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിനു സമീപം ബിൻഹൈദർ ബിൽഡിങ്ങിലായിരുന്നു അപകടം. 12.20ഓടെ ഗ്യാസ് ചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ഒമ്പതു പേർക്കാണ് പരിക്കേറ്റത്. ഇതിൽ നിധിൻ ഉൾപ്പെടെ മൂന്നു പേരുടെ നില അതിഗുരുതരമായിരുന്നു. ഷാനിൽ, നഹീൽ എന്നിവരാണ് സാരമായി പരിക്കേറ്റ മറ്റുള്ളവർ. ഇവർ ദുബൈ റാശിദ് ആശുപത്രിയിൽ ചികിത്സയിലാണ്. എൻ.എം.സി ആശുപത്രിയിൽ അഞ്ചുപേരും ചികിത്സയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.