ദുബൈ: ഇസ്രായേൽ-ഗസ്സ യുദ്ധത്തിൽ ദുരിതത്തിലായ ഫലസ്തീനികളെ സഹായിക്കുന്നതിന് യു.എ.ഇ പ്രഖ്യാപിച്ച ദുരിതാശ്വാസ പദ്ധതിയിലേക്ക് സഹായം നൽകാൻ മാളുകളിലും സൗകര്യം. മാജിദ് അൽ ഫുത്തൈം ഷോപ്പിങ് മാളുകളിലാണ് എമിറേറ്റ്സ് റെഡ് ക്രസന്റുമായി സഹകരിച്ച് സൗകര്യം ഒരുക്കിയത്. ദുബൈ, ഷാർജ, അജ്മാൻ, ഫുജൈറ, അബൂദബി എന്നിവിടങ്ങളിലെ മാളുകളിൽ പണമായും ബ്ലാങ്കറ്റ്, ഭക്ഷണം, പുതുവസ്ത്രങ്ങൾ, കുട്ടികളുടെ അവശ്യവസ്തുക്കൾ തുടങ്ങിയവയായും സഹായം സ്വീകരിക്കും.
ദുബൈയിൽ മാൾ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റർ മിർദിഫ്, സിറ്റി സെൻറർ മായ്സം, സിറ്റി സെൻറർ ദേര, സിറ്റി സെന്റർ ഷിന്ദഗ എന്നിവിടങ്ങളിലും ഷാർജയിൽ സിറ്റി സെന്റർ അൽ സാഹിയ, സിറ്റി സെന്റർ ഷാർജ, മതാജിർ അൽ ഖൂസ് എന്നിവിടങ്ങളിലും സിറ്റി സെൻറർ അജ്മാൻ, സിറ്റി സെന്റർ ഫുജൈറ, സിറ്റി സെന്റർ മസ്ദർ എന്നിവിടങ്ങളിലും സഹായവസ്തുക്കൾ സ്വീകരിക്കും.
എമിറേറ്റ്സ് റെഡ് ക്രസന്റ് നിലവിൽ രാജ്യത്ത് 30ലേറെ കേന്ദ്രങ്ങൾ സഹായവസ്തുക്കൾ സ്വീകരിക്കാൻ ഒരുക്കിയിട്ടുണ്ട്. റെഡ് ക്രസന്റ് കേന്ദ്രങ്ങളിലും വെബ്സൈറ്റ് വഴിയും സഹായം സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമെയാണ് പുതുതായി മാളുകളെ കൂടി ഉൾപ്പെടുത്തിയത്. ഗസ്സയിലേക്ക് അയക്കുന്ന റിലീഫ് വസ്തുക്കൾ പാക്ക് ചെയ്യുന്നതിന് ദുബൈയിൽ ശനിയാഴ്ചയും അബൂദബിയിലും ഷാർജയിലും ഞായറാഴ്ചയും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ദുബൈയിൽ അൽ റിമാൽ ഹാളിലും അബൂദബിയിൽ അഡ്നക്കിലും ഷാർജയിൽ എക്സ്പോ സെൻററിലുമാണ് രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടു വരെ റിലീഫ് കിറ്റുകൾ തയാറാക്കുന്ന ക്യാമ്പുകൾ നടക്കുക. വിവിധ ഓൺലൈൻ സംവിധാനങ്ങളിൽ വളന്റിയർമാർക്ക് രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.