ദുബൈ: ഗസ്സ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായും സംസാരിച്ചു. ഫോൺ സംഭാഷണത്തിൽ മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് സംഘർഷം അവസാനിപ്പിക്കുന്നതിന്റെ ആവശ്യം നേതാക്കൾ പരസ്പരം പങ്കുവെച്ചു. സാധാരണ പൗരന്മാരെ സംരക്ഷിക്കാനും മാനുഷിക സഹായം എത്തിക്കുന്നതിന് പ്രത്യേക കോറിഡോർ ഒരുക്കാനും സന്നദ്ധമാകണമെന്ന അഭിപ്രായവും ചർച്ചയിൽ ഉയർന്നു. സംഘർഷം അവസാനിപ്പിക്കുന്നതിന് മേഖലയിലും അന്താരാഷ്ട്ര തലത്തിലും ആവശ്യമായ സഹകരണം രൂപപ്പെടണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും യു.എസ്, തുർക്കിയ പ്രസിഡന്റുമാരുമായുള്ള സംഭഷണത്തിൽ ശൈഖ് മുഹമ്മദ് അഭിപ്രായങ്ങൾ പങ്കുവെച്ചു.
കഴിഞ്ഞ ദിവസം യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും ഇറാനിയൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിനും സംഭാഷണം നടത്തിയിരുന്നു. ഗസ്സ-ഇസ്രായേൽ സംഘർഷം ലഘൂകരിക്കുന്നതിന് ആവശ്യമായ നടപടികളും നീക്കങ്ങളും സംബന്ധിച്ച് ഇരുവരും അഭിപ്രായങ്ങൾ പങ്കുവെച്ചു. മേഖലയുടെ സുരക്ഷയും സ്ഥിരതയും തുടർച്ചയായി വെല്ലുവിളിയിലാകുന്ന സാഹചര്യത്തിലെ അപകടത്തെക്കുറിച്ചും മന്ത്രിമാർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.